രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം: ദളിത് മുഖമുയര്‍ത്തി ഭിന്നിപ്പിന് ബി.ജെ.പി

ന്യൂഡല്‍ഹി: ദലിത് പീഡന ആരോപണങ്ങളില്‍ വലയുന്ന ബി.ജെ.പി പ്രതിരോധം തീര്‍ക്കാന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തത് വിവാദമാകുന്നു. 23ന് രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ദേശീയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ച്, നേരത്തെ പരിഗണിച്ച പേരുകളെല്ലാമൊഴിവാക്കിയാണ് പാര്‍ട്ടിയുടെ ദലിത് മോര്‍ച്ച മുന്‍ അധ്യക്ഷനായിരുന്ന രാംനാഥ് കോവിന്ദിനെ പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 12 മണിയോടെയാണ് ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നത്. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയുടെ പ്രമുഖ ദലിത് മുഖങ്ങളിലൊന്നായ കോവിന്ദിലേക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി സംസാരിച്ചെന്നും പിന്തുണ തേടിയെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ഏടപ്പാടി പളനിസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുമായും പ്രധാനമന്ത്രി സംസാരിച്ചു.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് തീരുമാനം അറിയിച്ചത്. മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ച മന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുണ്‍ ജയ്റ്റ്‌ലിലും വെങ്കയ്യ നായിഡുവും അടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്ററി ബോര്‍ഡ് യോഗം പരിഗണിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെയും ഛാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവിന്റെയും പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി സജീവമായി പരിഗണിച്ചിരുന്നത്.

സുഷമ സ്വരാജിന് തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. റബര്‍ സ്റ്റാംപായി പ്രവര്‍ത്തിച്ചേക്കില്ലെന്ന ആശങ്കയെത്തുടര്‍ന്നാണ് സുഷമയെ മോദി ക്യാംപ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാഞ്ഞതെന്നാണ് സൂചന.

23ന് രാംനാഥ് കോവിന്ദ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കും. നാമനിര്‍ദേശക പത്രികകളില്‍ പിന്തുണ നല്‍കാന്‍ ഉത്തര്‍പ്രദേശും ഹരിയാനയും അടക്കം ഡല്‍ഹിക്ക് സമീപമുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി എംപിമാരെയും എംഎല്‍എമാരെയും ബിജെപി രാജ്യതലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 60 പേര്‍ പേര് നിര്‍ദേശിക്കുകയും 60 പേര്‍ പിന്താങ്ങുകയും ചെയ്യുന്ന നാല് സെറ്റ് പത്രികകള്‍ സമര്‍പ്പിക്കാനാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാകും ഓരോ സെറ്റ് പത്രികകളുടെയും ആദ്യ ഒപ്പ് ഇടുക.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ രാം നാഥ് കോവിന്ദ് ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലടക്കം ദലിത് പീഡനങ്ങളും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമായ പശ്ചാത്തലത്തില്‍ സമുദായത്തില്‍ നിന്നുളള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്.