കണ്ണൂര്‍: ജനകീയനായ നേതാവിന്റെ യാത്ര ജനങ്ങളോടൊപ്പം. മുഖ്യമന്ത്രിയായിരിക്കെ ജനങ്ങള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി താന്‍ ഇപ്പോഴും ജനങ്ങളുടെ കൂടെയാണെന്ന് വ്യക്തമാക്കികൊണ്ട് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് സഹയാത്രികര്‍ക്ക് കൗതുകമായി.
കാഞ്ഞങ്ങാട് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് തലശ്ശേരിയില്‍ നടക്കുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനാണ് ചെന്നൈയിലേക്കുള്ള മെയിലിന് എസ് 5 കോച്ചില്‍ മുന്‍ മുഖ്യമന്ത്രി വി ഐ പി പരിഗണനയൊന്നുമില്ലാതെ ഒരു സാധാരണയാത്രക്കാരനെ പോലെ യാത്ര നടത്തിയത്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി മയക്കത്തിലായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ എം പി മുരളിയും പി ടി മാത്യുവും കമ്പാര്‍ട്ട് മെന്റില്‍ കയറി ഉമ്മന്‍ചാണ്ടിയെ വിളിച്ചപ്പോഴാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. മയക്കത്തില്‍ നിന്നും ഉണര്‍ന്ന ഉമ്മന്‍ചാണ്ടി മുരളിയോടും മറ്റും ചിരിയോടെ സംസാരിച്ചു. തന്റെ കൂടെയുണ്ടായിരുന്ന സഹയാത്രികരുടെ കുട്ടിയുമായും ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത് കാണാമായിരുന്നു.
ഒരു സാധാരണ യാത്രക്കാരനെ പോലെ മുന്‍ മുഖ്യമന്ത്രി ട്രെയിനില്‍ സഞ്ചരിക്കുന്നത് കണ്ട് പലരും ആദരവ് പ്രകടപ്പിക്കുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിന് ആവശ്യപ്പെട്ടപ്പോള്‍ നിന്നുകൊടുക്കാനും അദ്ദേഹം മടികാണിച്ചില്ല.
തന്റെ ഭരണകാലത്ത് ത്വരിതഗതിയില്‍ കൊച്ചി മെട്രോ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഉമ്മന്‍ചാണ്ടിയെ മെട്രോ ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുക പോലും ചെയ്യാതെ അധികാരത്തിന്റെ അഹങ്കാരത്തിന്റെ മൂര്‍ത്തിഭാവങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായിവിജയനും കന്നിയാത്ര നടത്തുമ്പോഴും യാതൊരു പരിഭവവുമില്ലാതെ ഉദ്ഘാടന ചടങ്ങുകളിലൊന്നും സംബന്ധിക്കാതെ ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി യാത്രതിരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
















































