ചന്ദ്രദാസന്റെ തീയേറ്റർസ്വപ്നം യാഥാർത്ഥ്യമാകുന്നു

    -സി.ടി. തങ്കച്ചൻ-

    കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഇന്ത്യൻ നാടകകലയ്ക്ക് തന്റെതായ സംഭാവനകൾ നൽകി ശ്രദ്ധേയനായ സംവിധായകനാണ് പ്രൊഫസർ ചന്ദ്രദാസൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ നാടകവുമായി സഞ്ചരിച്ച് സ്വാംശീകരിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നാടക തീയേറ്റർ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നത്. പ്രകൃതി മനോഹരമായ കൊച്ചിയിലെ വൈപ്പിൻ ദ്വീപിലാണ് കേരളത്തില്‍ ആദ്യത്തെതും തെക്കേ ഇന്ത്യയിലെ രണ്ടാമത്തേതുമായ സ്ഥിരം നാടക അവതരണവേദിയുടെ നിർമ്മാണം പുരോഗമിക്കുന്നത്.  drama-stage-thewifireporter

    മാസ് തീയേറ്റർ എന്ന പരമ്പരാഗത സങ്കൽപ്പമാണ് നാടകത്തെ അതിഭാവുകത്വത്തിലേക്കും പിന്നീട് മെലോ ഡ്രാമയിലേക്കും നയിച്ചതെന്ന് ചന്ദ്രദാസൻ പറയുന്നു. മാസ് തീയേറ്ററിൽ നിന്ന് വ്യത്യസ്ഥമായി ഇന്റിമേറ്റ് തീയേറ്റർ എന്ന ആശയമാണ് താൻ സാക്ഷാൽക്കരിക്കുന്നതെന്നും ഇന നാടകക്കാരൻ പറയുന്നു.പരമാവധി നൂറ്റിയമ്പത് പേർക്ക് ഇരിക്കാവുന്ന തീയേറ്ററും നാടക പഠനത്തിനും ഗവേഷണത്തിനുമായുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും, റിഹേഴ്സൽ റൂമും മേക്കപ്പ് റൂമും ഗ്രീൻ റൂമും നാടക കലാകാരൻമാർക്ക് അന്തിയുറങ്ങാനുള്ള കോട്ടേജുകളും വിദേശത്തു നിന്നും നാടകാവതരണത്തിനും പഠനങ്ങൾക്കുമായി എത്തുന്ന കലാകാരൻമാർക്ക് താമസിക്കാൻ അതിഥി മുറികളും ഉൾപ്പെടുന്നതാണ് നിർമ്മാണം പുരോഗമിക്കുന്ന ഈ നാടക അവതരണ പഠന കേന്ദ്രം.നാടക പഠന ത്തിനായുള്ള ഡ്രാമാ സ്കൂളും ചന്ദ്രദാസന്റെ സങ്കൽപ്പത്തിലുണ്ട്.

    drama-stage-thehwifireporter
    മുപ്പതു വർഷത്തിലേറെ എറണാകുളം സെയ്ന്റ് ആൽബർട്സ് കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്ന ചന്ദ്രദാസൻ ജോലിയിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയും കൊച്ചി കടവന്ത്രയിലെ വീടും സ്ഥലവും വിറ്റുകിട്ടിയ തുകയും ചേർത്തുകൊണ്ടാണ് ഈ സമുച്ചയത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്. ഈ ജീവിതം കൊണ്ട് സമ്പാദിച്ചതും സ്വന്തം കിടപ്പാടം വിറ്റുകിട്ടിയതുമായ ഒരു കോടിയിലേറെ തുക നാടകത്തിനു വേണ്ടി മാത്രം ചെലവാക്കുന്നതിലൂടെ നിസ്വനാകുന്ന ഈ മനുഷ്യൻ ലോകത്തിന് പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. അടുത്ത മാർച്ച് 27 ന് ലോക നാടക ദിനത്തിൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കി താൻ തന്നെ രൂപം നൽകിയ ലോകധർമ്മിയെന്ന സംഘത്തിന് കൈമാറി ഈ മനുഷ്യൻ പുതിയൊരു ചരിത്രം കുറിക്കുന്നു. ഈ സമുച്ചയത്തിൽ ശിഷ്ടകാലം ജീവിക്കാനും നാടകം സാക്ഷാൽക്കരിക്കാനും തനിക്കൊരു മുറി മാത്രം മതിയെന്ന് ഈ ഏകാന്തപഥികൻ പറയുന്നു. ഒരു നാടകം ഒരു വേദിയിൽ ഒരു മാസമെങ്കിലും സ്ഥിരമായിക്കളിക്കണമെന്നും ആഴ്ച്ചയിൽ ആറു ദിവസവും അരങ്ങുണരണമെന്നും ചന്ദ്രദാസൻ സ്വപ്നം കാണുന്നു.

    ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ സർക്കാരും നാടകത്തെ സ്നേഹിക്കുന്നവരും ലോകമെങ്ങും പരന്നു കിടക്കുന്നക്കു തന്റെ വിദ്യാർത്ഥികളും മുന്നോട്ടു വരും എന്ന ദൃഡ വിശ്വാസത്തിൽ കർമ്മനിരതനാവുകയാണ് സമാനതകളില്ലാത്ത ഈ നാടകക്കാരൻ
    വർഷങ്ങൾക്ക് മുൻപ് ഒരു നാടകാവതരണം കഴിഞ്ഞ രാത്രിയിൽ മലയാള നാടകാചാര്യൻമാരിൽ അതുല്യനായ കാവാലം നാരായണപ്പണിക്കർ എന്നോടു പറഞ്ഞു. ഇനി മലയാള നാടകവേദി ഇവന്റെ കൈയ്യിൽ ഈ ചന്ദ്രദാസന്റെ കൈയ്യിൽ ഭദ്രമായിരിക്കും. ഇന്നത് സത്യമാകുന്നു. യാഥാർത്ഥ്യമാവുന്നു.kavalam-chandradas-thewifireporter