ലിംഗം ഛേദിച്ച കേസ്: അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും പരാതി; പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കാമുകൻ അയ്യപ്പദാസിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. രണ്ട് വനിതാ പൊലീസുകാരെയാണ് പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ താമസിക്കുന്ന വീട്ടിലും ഇവർ പുറത്തിറങ്ങുമ്പോഴും പൊലീസ് ഒപ്പമുണ്ടാകും.

ഇന്നലെയാണ് അയ്യപ്പദാസിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും സാമ്പത്തിക തട്ടിപ്പു നടത്തിയെന്നുമാണ് പെൺകുട്ടിയുടെ പുതിയ പരാതി. അയ്യപ്പദാസിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. തന്റെ മാതാപിതാക്കളിൽ നിന്ന് ആറ് ലക്ഷവും സ്വാമിയിൽ നിന്ന് എട്ട് ലക്ഷം രൂപയും കാമുകൻ തട്ടിയെടുത്തെന്നാണ് പെൺകുട്ടി പറയുന്നത്.

ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെതുടർന്നാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. പെൺകുട്ടി ഇന്നലെ സ്വാമിയെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചിരുന്നു. ആശുപത്രിയിലെ പൊലീസ് സെല്ലിൽ സ്വാമിയെ സന്ദർശിച്ച പെൺകുട്ടി പൊട്ടിക്കരഞ്ഞതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.

അതേസമയം, കേസമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നുള്ള നിർദ്ദേശാനുസരണം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. പെൺകുട്ടി മാതാപിതാക്കളുടെ തടങ്കലിലാണെന്ന് കാട്ടി അയ്യപ്പദാസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ചിരുന്നു. താൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് സുരക്ഷിതയായി വീട്ടിൽ താമസിക്കുകയാണെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു. കാമുകൻ അയ്യപ്പദാസ് നിർബന്ധിച്ചിട്ടാണ് താൻ കൃത്യം ചെയ്തതെന്ന് പെൺകുട്ടി മൊഴിമാറ്റിയിരുന്നു.

ഗംഗേശാനന്ദ കേസ് സർക്കാർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഇന്നലെ പോക്സോ കോടതി തള്ളിയിരുന്നു ആരോഗ്യനില മോശമായതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകൻ വാദിച്ചത്. ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അടിക്കടി മൊഴിമാറ്റുന്ന സാഹചര്യത്തിൽ പെൺകുട്ടിയെ നുണ പരിശോധനയ്ക്കും ബ്രെയിൻ മാപ്പിംഗിനും വൈദ്യപരിശോധനയ്ക്കും വിധേയമാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ, ഇതിന് പെൺകുട്ടിയുടെ സമ്മതം വേണം. നാളെ കോടതിയിൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു.