ബി.ജെ.പി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി; യന്ത്രവും ഒന്നരലക്ഷം രൂപയും പിടിച്ചെടുത്തു

കൊടുങ്ങല്ലൂർ മതിലകത്ത് ബി.ജെ.പി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം കണ്ടെത്തി. യുവമോർച്ച പ്രദേശിക നേതാവ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കള്ളനോട്ട് അടിക്കുന്ന യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസികളും കണ്ടെത്തി.  അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് കണ്ടെത്തിയത്.

നോട്ട് പിന്‍വലിക്കലിന്‌ ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് പൊലീസ് കണ്ടെത്തിയത്. തൃശുർ കൊടുങ്ങല്ലൂർ മതിലകത്തെ രാകേഷിന്റെ വീട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡിനെത്തിയത്.

ഇതിനിടെയാണ് വീടിനുള്ളിൽ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജ നോട്ടുകളും കണ്ടെത്തിയത്. ഇയാൾക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന പ്രവര്‍ത്തകനുമാണ്. ബിജെപി ഒബിസി മോര്‍ച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്.