വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്‌സൈറ്റില്‍: ചെന്നിത്തലയ്‌ക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ വിദേശകമ്പനിയുമായി ചേര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
വോട്ടര്‍ പട്ടിക വോട്ടര്‍മാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ഇരട്ടവോട്ടു സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇരട്ടവോട്ടുകള്‍ കണ്ടെത്തുന്നതിന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) വെബ്‌സൈറ്റ് നിര്‍മിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 38,000 ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4,34,000 ആണ് ആകെ ഇരട്ടവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റില്‍ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരട്ടവോട്ട് പ്രശ്‌നം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കള്‍ ഉന്നയിച്ചിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പര്‍ കമ്പനിയാണ് ഈ വൈബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തില്‍ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങള്‍ കമ്പിനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ജോര്‍ജു കുര്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവും കെപിസിസിയും വോട്ടര്‍ പട്ടികയുടെ ഉടമസ്ഥരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. മാത്രമല്ല വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. ഓരോ വോട്ടര്‍ക്കും അവരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ കമ്പനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെപിസിസിയും പൗരാവകാശം ലംഘിച്ചിരിക്കുകയാണെന്ന് 2017ല്‍ സുപ്രീംകോടതി പരിഗണിച്ച പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. മാത്രമല്ല ഇത് വിവരശേഖരണ നയത്തിന് വിരുദ്ധവുമാണ്.
അനധികൃതമായാണ് രമേശ് ചെന്നിത്തലയും കെപിസിസിയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇപ്പോള്‍ പോളിംഗ് ബൂത്ത്, നിയോജക മണ്ഡലം അടക്കം ഓരോ വോട്ടറുടെയും സ്വകാര്യവിവരങ്ങള്‍ ഈ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍ എത്തിയിട്ടുണ്ട്. ഇത് നമ്മുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാണ്. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ല.
അതിനാല്‍ ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് രമേശ് ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ പോലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം. പൗരന്റെ മൗലികാവകാശവും വോട്ടറുടെ സ്വകാര്യതയും ലംഘിച്ചതിനെതിരെയും നടപടി വേണമെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.