നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായി പൊലീസ് കസ്‌റ്റഡിയിൽ കഴിയുന്ന നടൻ ദിലീപിനെതിരെ ആരോപണവുമായി കലാഭവൻ മണിയുടെ കുടുംബം രംഗത്ത്.ദിലിപീന്, മണിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ ആർ.എൽവി.രാമകൃഷ്‌ണൻ പറഞ്ഞു. മണിയുടെ മരണശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണിയുമായി ദിലീപിന് ഭൂമിയിടപാടുണ്ടായിരുന്നു.
ഇതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്ന സംശയം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് ഇത് അവഗണിക്കുകയായിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോൾ ദിലീപിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായും രാമകൃഷ്‌ണൻ പറഞ്ഞു. മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽ മണിക്ക് ഭൂമിയിടപാടുണ്ടായിരുന്നതായി അറിയാം. എന്നാൽ, കൂടുതൽ വിവരങ്ങളൊന്നും തന്നെ അറിയില്ലെന്നും രാമകൃഷ്‌ണൻ പറഞ്ഞു.
ദിലീപിന്റെ വിവാഹജീവിതം തകർന്നതിൽ മണിക്ക് വളരെ വിഷമം ഉണ്ടായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് മണിയും നടൻ ബിജു മേനോനുമാണ്. ആ ബന്ധം പിന്നീട് തകർച്ചയിലേക്ക് പോയതിൽ മണിക്ക് ഏറെ പ്രയാസം ഉണ്ടായിരുന്നുവെന്നും ആർ.എൽ.വി.രാമകൃഷ്‌ണൻ പറഞ്ഞു.
 
            


























 
				
















