ശശികലയ്ക്ക് ജയിലില്‍ രാജവാഴ്ച ഒരുക്കാന്‍ കോഴ; ഉന്നതരെ വിറപ്പിച്ച് ഐ.പി.എസ് പെണ്‍പുലിയുടെ പോരാട്ടം

അഴിമതി കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന്  ‘രൂപ’ എന്ന ഐ.പി.എസ് പെണ്‍പുലിയുടെ വെളിപ്പെടുത്തല്‍. ജയില്‍ ഡി.ഐ.ജി കൂടിയായ രൂപ ഐ.പി.എസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

ജയില്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ കോഴയുടെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ ഐ.പി.എസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ശശികല അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നത്.

2000 ബാച്ചില്‍ കര്‍ണാടക കേഡറിലേയ്ക്കുള്ള ഏക ഉദ്യോഗസ്ഥയായിരുന്നു രൂപ ഐ.പി.എസ്. ഷാര്‍പ്പ് ഷൂട്ടറായ ഈ പെണ്‍പുലി സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും തേടിയെത്തിയിട്ടുണ്ട്.  ഭരതനാട്യം നര്‍ത്തകിയും, ഹിന്ദു സ്ഥാനി ഗായികയുമാണ് ഈ ‘സൂപ്പര്‍കോപ്’. വിവാദംമുറ്റിയ കര്‍ണാടക രാഷ്ട്രീയത്തില്‍ പലപ്പോഴും രൂപയുടെ ഇടപെടല്‍ നിര്‍ണായകമാകുകയും  രാഷ്ട്രീയമായി കൊമ്പു കോര്‍ക്കുകയും ചെയ്തിട്ടുണ്ട്. കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യപ്രദേശ് മുഖ്യമന്ത്രിയായ ഉമാഭാരതിക്കെതിരെ കേസുണ്ടാപ്പോള്‍ ഉമാഭാരതിയെ അറസ്റ്റ് ചെയ്തും ഈ പെണ്‍പുലി ഏവരെയും ഞെട്ടിച്ചു. ഇപ്പോള്‍ വീണ്ടും കര്‍ണാടക- തമിഴ്‌നാട്  രാഷ്ട്രീയത്തെ കോളിളക്കമുണ്ടാക്കിയ കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി അനീതിക്കെതിരെ പോരാടാന്‍ ഉറച്ചിരിക്കുകയാണെന്ന് വ്യക്തം.