ദിലീപിനുവേണ്ടി സൈബര്‍ ക്വട്ടേഷന്‍: പിന്നില്‍ ഒരു എം.എല്‍.എ

ഇടുക്കി : നടിയെ ഉപദ്രവിച്ച സംഭവത്തില്‍ പിടിയിലായ ദിലീപിനെ വിശുദ്ധനാക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ നല്‍കിയതായുള്ള ആരോപണം ശക്തമാകുന്നു. ഇതേകുറിച്ചുള്ള അന്വേഷണം സ്വന്തമായി സ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യനേതാവ് എന്ന വിശേഷണമുള്ള ജനപ്രതിനിധിയിലേക്ക് എത്തിയതായി സൂചന.

ജനപക്ഷത്ത് നില്‍ക്കുന്നുവെന്ന് ഇടയ്ക്കിടെ അവകാശപ്പെടാറുള്ള ജനപ്രതിനിധിയുടെ മകനും മരുമകനും ഉള്‍പ്പെടുന്ന പി.ആര്‍. ഏജന്‍സിയാണ് ദിലീപിനുവേണ്ടിയുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തെതന്നാണ് അറിയുന്നത്.
രണ്ട് കോടിയില്‍ പരം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം പ്രമുഖരെ കൊണ്ട് ദിലീപ് നിരപരാധിയാണെന്ന് പ്രസ്താവന പുറപ്പെടുവിക്കുന്ന രീതിയും അവലംബിച്ചിരുന്നു.

അനീതിക്കെതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ജനപ്രതിനിധി തന്നെ ആദ്യം ദിലീപിനുവേണ്ടി രംഗത്ത് വന്നതാണ് അന്വേഷണം ഈ വഴിക്ക് നീങ്ങുവാന്‍ കാരണമായത്. ദിലീപിന് എതിരായ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങള്‍ക്കുവേണ്ടിയാണ് പി.ആര്‍. ഏജന്‍സി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത്.

കേസ്, വിചാരണ എന്നിവയേക്കാള്‍ ദിലീപിന്റെ അനുയായികളെ ആശങ്കപ്പെടുത്തുന്നത് നടന്റെ താരമൂല്യത്തിലുണ്ടായ ഇടിവാണ്. ഇത് ഏത് വിധേയനേയും പരിഹരിക്കാനാണ് ഇവര്‍ വളഞ്ഞവഴികള്‍ തേടുന്നത്.