ദിനേശനും ശോഭയുമായി നിവിനും നയന്‍താരയും

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’. നിവിന്‍പോളി ഈ സിനിമയില്‍ നായകനായി വരുമ്പോള്‍ നായികയായി വരുന്നത് നയന്‍താരയാണ്. ദിനേശനെന്നും ശോഭയെന്നുമാണ് ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകള്‍.

ധ്യാന്‍ ശ്രീനിവാസന്‍ തന്റെ സിനിമയിലെ നായകന് ദിനേശനെന്ന് പേരിടുവാന്‍ ഒരു കാരണം കൂടിയുണ്ട്. അഭിനയിച്ചും തിരക്കഥയെഴുതിയും ചലച്ചിത്രരംഗത്ത് നിലയുറപ്പിച്ചിരുന്ന ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ‘വടക്കുനോക്കിയന്ത്രം’.

ആ ചിത്രത്തിലെ ശ്രീനിവാസന്റെ നായകവേഷമായിരുന്നു തളത്തില്‍ ദിനേശന്‍. ധ്യാന്‍ ശ്രീനിവാസന്റെ അച്ഛന്‍ സിനിമകളില്‍ ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന സിനിമ ഇതാണ്. ഇതിലെ ദിനേശനെ വലിയ ഇഷ്ടമാണെന്ന്. ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ വിളംബരയോഗത്തില്‍ ധ്യാന്‍ പറയുകയുണ്ടായി. എന്നാല്‍ അന്നത്തെ ദിനേശനും തന്റെ ദിനേശനും തമ്മില്‍ ഒരു ബന്ധവുമില്ല. അതുപോലെതന്നെ ആ സിനിമയുടെ ആവര്‍ത്തനമോ രണ്ടാം ഭാഗമോ ഒന്നുമല്ലെന്നും ധ്യാന്‍ വ്യക്തമാക്കി. അജുവര്‍ഗ്ഗീസും വിശാഖുമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.