കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ഗതാഗത മന്ത്രി നല്കിയ ഉറപ്പ് പാഴായി. ഓഗസ്റ്റിലും സെപ്റ്റംബറിലും പെന്ഷന് ഒന്നാം തീയതിയും മൂന്ന് മാസത്തെ കുടിശ്ശിക സെപ്റ്റംബര്‍ 30 ന് മുമ്പും വിതരണം ചെയ്യുമെന്നായിരുന്നു കഴിഞ്ഞ മാസം 18 ന് പെന്‍ഷന്‍കാരുടെ സംഘടനാ പ്രതിനിധികളെ വിളിച്ചു കൂട്ടി മന്ത്രി തോമസ് ചാണ്ടി ഉറപ്പ് നല്‍കിയത്.
രണ്ടാം തീയതിയും നല്‍കിയില്ലെന്ന് മാത്രമല്ല, വിതരണം സംബന്ധിച്ച യാതൊരു വിശദീകരണവും നല്‍കുന്നുമില്ല. നാലു മാസത്തിലധികം കുടിശ്ശിക ഉള്ളപ്പോള്‍ കഴിഞ്ഞമാസം 12 ന് ഒരു മാസത്തെ തുക നല്‍കിയിരുന്നു.
14 മാസം മുമ്പ് യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ ശമ്പള – പെന്ഷന് ഇനങ്ങളില്‍ കുടിശ്ശിക ഉണ്ടായിരുന്നില്ല. മാസത്തിന്റെ അവസാനത്തെ പ്രവൃത്തി ദിവസം ശമ്പളവും ആദ്യത്തെ പ്രവൃത്തി ദിനത്തില്‍ പെന്ഷന് നല്കുന്ന രീതിയാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്.
എല്‍ഡിഎഫ് ഭരണത്തില്‍ ശമ്പളം 20 ദിവസം വരെ വൈകിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസത്തെ ശമ്പളം ഇന്നലെ നല്കി.
ഗതാഗത മന്ത്രി കഴിഞ്ഞ മാസം വിളിച്ചുകൂട്ടിയ ചര്‍ച്ച സംബന്ധിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു.
ധനമന്ത്രിയോ വകുപ്പിലെ ഉദ്യോഗസ്ഥരോ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ധനവകുപ്പിന്റെ പങ്കാളിത്തമില്ലാതെ നടത്തിയ യോഗത്തിലെ ഉറപ്പുകള്‍ സംബന്ധിച്ച് സംശയം അന്ന് തന്നെ ഉണ്ടായിരുന്നു.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ശമ്പളവും പെന്‍ഷനും വൈകുന്നത്.
പ്രതിദിന വരുമാനം 5.5 കോടിക്ക് താഴെയാണ്. യുഡിഎഫ് ഭരണത്തില്‍ വരുമാനം ഏഴു കോടി വരെ ലഭിച്ച ദിവസം ഉണ്ടായിരുന്നു. പ്രതിദിന വരുമാനം ശരാശരി 6.5 കോടി എന്ന ഭദ്രമായനില കൈവരിക്കാനും സാധിച്ചിരുന്നു.
ഇപ്പോഴത്തെ വരുമാനം വായ്പ തിരിച്ചടവിനും ഡീസല്‍ ചെലവിനും തികയാത്ത സ്ഥിതിയാണുള്ളത്. വായ്പ തിരിച്ചടക്കാനും ഡീസലിനും ഓരോ മാസവും മൂന്ന് കോടി രൂപ വീതം ആവശ്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ശമ്പളം, പെന്ഷന് മറ്റ് ചിലവുകള്‍ 5.5 കോടിക്ക് മുകളിലാണെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം.











































