ചീഫ് സെക്രട്ടറി നളിനി നെറ്റോ ഈ മാസം 31 ന് വിരമിക്കും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 1981 ബാച്ചില്‍ പെട്ട നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്. ധനവകുപ്പ് മേധാവി കെ.എം എബ്രഹാം അടുത്ത ചീഫ് സെക്രട്ടറി ആയേക്കും. 1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധി ഉള്ളൂവെങ്കിലും അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ട്.

സര്‍വീസില്‍നിന്ന് വിരമിച്ചാലും സര്‍ക്കാരിന്റെ ഭാഗമായി തുടരണമെന്ന സന്ദേശമാണ് നളിനി നെറ്റോയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഭരണത്തിലുള്ള അവരുടെ പരിചയം പ്രയോജനപ്പെടുത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ദൈനംദിനകാര്യങ്ങളില്‍ മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഇപ്പോള്‍ ഉപദേഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നളിനി നെറ്റോയുടെ സേവനം ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

നളിനി നെറ്റോ കഴിഞ്ഞാല്‍ സീനിയറായ ഉദ്യോഗസ്ഥന്‍ 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമാണ്. ഡിസംബര്‍ 31വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. നിലവില്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയാണ് കെ.എം.എബ്രാഹം.

അമരേന്ദ്ര കുമാര്‍ ദുബെയും അരുണാ സുന്ദരരാജനുമാണ് സീനിയറായ മറ്റു രണ്ടു ഉദ്യോഗസ്ഥർ‍. 1982 ബാച്ച് ഉദ്യോഗസ്ഥരാണ് ഇരുവരും. അമരേന്ദ്ര കുമാര്‍ ദുബെ യൂത്ത് അഫയേഴ്‌സ് സെക്രട്ടറിയായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അരുണാ സുന്ദരരാജന്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോ ടെക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്തിന്റെ 42–ാമത് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന നളിനി നെറ്റോ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. 11 വര്‍ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവര്‍ത്തിച്ചു. ഗതാഗത സെക്രട്ടറിയായും ടൂറിസം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.