കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി; മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് വ്യാജമെന്ന് മൊഴി

    Kummanam Rajasekharan

    മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുമ്പാകെ ഹാജരായി പറഞ്ഞു. തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം ഹാജരായത്.

    മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട തനിക്ക് ആരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കുമ്മനം മൊഴി നല്‍കി. എങ്കില് എന്തിനാണ് വി.വി. രാജേഷിനെതിരെ നടപടിയെടുത്തതെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും കോഴ റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്നും കുമ്മനം വിജിലന്‍സിനോട് പറഞ്ഞു. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം മൊഴിനല്‍കാന്‍ ഹാജരായത്. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു.

    ഓഗസ്റ്റ് 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കുമ്മനത്തിന് നോട്ടീസ് അയച്ചത്. എന്നാല്‍ കുമ്മനം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയായിരുന്നു.

    വിജിലന്‍സ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശന്‍ എകെ നസീര്‍ എന്നിവര്‍ ഇതുവരെ വിജിലന്‍സ് മുന്നില്‍ ഹാജരായിട്ടില്ല. രണ്ട് പേരും കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്. ഈ മാസം 22 ന് ഹാജരാകുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. അതിനിടെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം തിരുത്തല്‍ വരുത്തുകയും ചെയ്തു. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളെ വിജിലന്‍സ് വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

    സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്ക് അംഗീകാരം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. വര്‍ക്കലയിലെ എസ്ആര്‍ കോളെജ് ഉടമ ആര്‍ ഷാജി ഇടനിലക്കാരനായ സതീഷ് നായര്‍ വഴി അഞ്ച് കോടി രൂപ കൈമാറി. ഇതിനെക്കുറിച്ച് ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി കമ്മീഷനെ വെച്ച് സംഭവം അന്വേഷിപ്പിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ബിജെപി നേതാക്കള്‍ കോഴ കൈപ്പറ്റിയതായി കണ്ടെത്തിയത്.