സഞ്ജയ് ദത്ത് മടങ്ങിവരുന്നു; നല്ല അച്ഛനായി

ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു വര്‍ഷമായി കുടുംബത്തോടൊപ്പം കഴിച്ച് കൂട്ടിയ നടന്‍ സഞ്ജയ് ദത്ത് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ജീവിതത്തലുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത്  വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോ രണ്ടാം വരവില്‍ നല്ലൊരു പിതാവിന്റെ വേഷത്തിലാണ് എത്തുന്നത്. ‘ സാധാരണക്കാരനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ്. മുമ്പ് ചെയ്ത ആക്ഷന്‍ സിനിമകളൊന്നും അത്തരത്തിലുള്ളതല്ല’ താരം പറഞ്ഞു. ഒരുപാട് കഥകള്‍ കേട്ടു, ചര്‍ച്ചകള്‍ നടത്തി എന്നിട്ടാണ് ഓമുഖ് കുമാറിന്റെ ഭൂമിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. മേരി കോം, സരബ്ജിത് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായ മേല്‍വിലാസം കണ്ടെത്തിയ ആളാണ് അദ്ദേഹം.
വിധു വിനോദ് ചോപ്രയുടെ മാര്‍കോ ബഹു എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്താനാണ് ആദ്യം സഞ്ജയ് ദത്ത് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥയില്‍ സംവിധായകന് അത്ര തൃപ്തിയില്ലായിരുന്നു. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ആ പ്രോജക്ട് നീട്ടിവെച്ചു. വരുന്ന ജനുവരിയില്‍ ആരാധകരുടെയും ബോളിവുഡിലെയും പ്രിയ സഞ്ജു ബാബ ക്യാമറയ്ക്ക് മുന്നിലെത്തും. ‘ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഞാന്‍ ഈ സമയത്ത് ചെയ്യേണ്ട വേഷമാണ് ഭൂമിയിലേതെന്ന്’ സഞ്ജയ് ദത്ത് പറഞ്ഞു. മുമ്പ് ഋത്വിക് റോഷന്റെ പിതാവായി മിഷന്‍ കാശ്മീരില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ശക്തമായ വേഷമാണ് ഓമുഖ് കുമാറിന്റെ സിനിമയിലേതെന്നും താരം വ്യക്തമാക്കി.
ഭൂമിയുടെ ചിത്രീകരണം ആഗ്രയിലാണ് തുടങ്ങുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത, വികാരനിര്‍ഭരമായ ദിവസമായിരിക്കും അന്ന്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ തനിക്ക് ഉത്കണ്ഠ ഉണ്ടെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. സൈക്കിളോ, കാറോ ഓടിക്കുന്നത് പോലെയോ, അല്ലെങ്കില്‍ നീന്തുന്നത് പോലെയോ ആണ് അഭിനയവും. അഭിനയിക്കാന്‍ കഴിവുള്ളയാള്‍ ഒരിക്കലും അത് മറക്കില്ല. പുതിയ കഥാപാത്രത്തിന് വേണ്ടി സഞ്ജു ബാബ തയ്യാറെടുപ്പുകള്‍ തുടങ്ങി. സംവിധായകനുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ് മനസിലുള്ളത്. സംവിധായകനുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.
‘ ഏത് വീട്ടിലും അച്ഛനും പെണ്‍മക്കളും തമ്മിലൊരു പ്രത്യേക സ്‌നേഹമുണ്ടായിരിക്കും അമ്മമാരും ആണ്‍മക്കളും തമ്മിലുള്ളത് പോലെ. എന്റെ സഹോദരിമാരായ പ്രിയയും നമ്രദയും അച്ഛനുമായി (സുനില്‍ ദത്ത്) പണ്ട് മുതലേ വളരെ സ്‌നേഹത്തിലും അടുപ്പത്തിലുമാണ്, ഒരു പക്ഷെ എന്നേക്കാളേറെ.  എന്റെ മക്കളായ തൃഷാലയും ഇക്ക്രയും അതുപോലെയാണ്. ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ ഈ സിനിമ ചെയ്യാന്‍ കൂടുതല്‍ പ്രേരിപ്പിച്ചതെന്ന്’ സഞ്ജയ് ദത്ത് പറഞ്ഞു.