പൂഞ്ഞാറിലെ നടപടിയെചൊല്ലി സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയില്‍ പൊട്ടിത്തെറി

സെക്രട്ടറിയേറ്റംഗം പകപോക്കുന്നുവെന്ന് ആരോപണ വിധേയര്‍, പത്തലക്ഷവും കാറു വാങ്ങിയവരെ വേണ്ടെന്ന് മറുപക്ഷം; ജില്ലയിലെ പാര്‍ട്ടി ഇനി പൂഞ്ഞാറിലെ പ്രമുഖന്റെ നിയന്ത്രണത്തില്‍

 

കോട്ടയം: മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം കോട്ടയം ജില്ലയില്‍ പാര്‍ട്ടിതലത്തില്‍ ഏറ്റവും വലിയ അച്ചടക്ക നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചതോടെ ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. പാര്‍ട്ടി നടപടിക്ക് പിന്നില്‍ ജില്ലയില്‍ നിന്നുള്ള ഉന്നതനായ നേതാവിന്റെ ഇടപെടലാണെന്നും, പൂഞ്ഞാറില്‍ മത്സരിക്കാന്‍ കഴിയാത്തതിലുള്ള ഇദ്ദേഹത്തിന്റെ നിരാശയാണ് ഇതിനു കാരണമെന്നുമാണ് നടപടിക്ക് വിധേയരായ നേതാക്കളുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ മുഖ്യ ചുമതലക്കാരായിരുന്ന ചിലരെ ഈ നേതാവ് സംരക്ഷിക്കുകയാണെന്നും, തങ്ങളെ ബലിയാടാക്കിയെന്നും ഇവര്‍ പറയുന്നു. ഈ നേതാവിന്റെ ബൂത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് കണക്കാക്കിയാല്‍ നേതാവിന്റെ സ്വാധീനമറിയാമെന്നും ചിലര്‍ പരിഹസിച്ചു. എന്നാല്‍ പണത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്തവര്‍ക്കുള്ള മറുപടിയാണ് അച്ചടക്ക നടപടിയെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിനിടെയായിരുന്നു നേതാക്കളുടെ വാക്ക്‌പോര്. ഇതോടെ നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപ്പാക്കുന്നത് ഡിസംബര്‍ 13ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ രണ്ടു ഏരിയാ കമ്മറ്റികളും പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പി.സി ജോര്‍ജുമായി സഹകരിച്ച പശ്ചാത്തലത്തിലായിരുന്നു കമ്മറ്റികളുടെ ഈ നിലപാട്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഏരിയാ കമ്മറ്റികളുടെ തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇവിടെ മത്സരിക്കാനാഗ്രഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റംഗത്തോട് ഇരു കമ്മറ്റികളുടെയും മേല്‍ നിയന്ത്രണമുള്ള ജില്ലാ നേതാക്കളുടെ വിരോധമായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കാതെ പണവും, വസ്തുവകകളും പ്രതിഫലം പറ്റി പാര്‍ട്ടിയെ ഒറ്റുകൊടുത്ത നേതാക്കള്‍ക്ക് അര്‍ഹമായ ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചതെന്നും ഇവര്‍ പറയുന്നു. പത്തുലക്ഷം രൂപ വരെ നേതാക്കള്‍ പി.സി ജോര്‍ജില്‍ നിന്നും കൈപ്പറ്റിയെന്നാണ് ആക്ഷേപമുണ്ടായിരുന്നത്.

പൂഞ്ഞാറിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ.പി.എം സംസ്ഥാന സമിതി നിയോഗിച്ച ബേബി ജോണ്‍ കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയ ജില്ലയിലെ പ്രധാനപ്പെട്ട 14 നേതാക്കള്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശമുള്ളത്. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. ഇബ്രാഹിം, ജില്ലാ കമ്മറ്റിയംഗം വി.എന്‍ ശശിധരന്‍, തെരഞ്ഞെടുപ്പ് കാലത്ത് പൂഞ്ഞാര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്ന കെ.ആര്‍ ശശിധരന്‍, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ടി.പ്രസാദ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവരെ തരംതാഴ്ത്തുന്നതിനും, പൂഞ്ഞാര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന രണ്ടു ഏരിയാ കമ്മറ്റികളും, ലോക്കല്‍ കമ്മറ്റികളും പിരിച്ചുവിട്ട് പുനസംഘടിപ്പിക്കുക എന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന സമിതിയും ഇക്കാര്യം അംഗീകരിച്ചു. ടി. പ്രസാദിനെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേസമയം അച്ചടക്ക നടപടി പൂര്‍ത്തിയാകുന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും ജില്ലയിലെ പാര്‍ട്ടി.