ബാലമുരളീരവം നിലച്ചു; സംഗീത ചക്രവർത്തി അരങ്ങൊഴിഞ്ഞു

നവംബർ വീണ്ടും നഷ്ടങ്ങളുടെ മാസമാവുന്നു.

-സി.ടി.തങ്കച്ചൻ-

കർണ്ണാടക സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത ഡോ: ബാലമുരളികൃഷ്ണയും ഓർമ്മയായി.ത്യാഗരാജ സ്വാമികൾ ശ്യാമ ശാസ്ത്രീകൾ ‘മുത്തുസ്വമീ ദീക്ഷിതർ ഷട്കാല ഗോവീന്ദമാരാർ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ മധുരൈ മണി അയ്യർ, സ്വാതി തിരുനാൾ തുടങ്ങിയ അതുല്യ സംഗീത പ്രതിഭകളുടെ ശ്രേണിയിൽപ്പെടുന്ന അവസാന കണ്ണിയാണ് നാടുനീങ്ങുന്നത്.8 വയസിൽ തുടങ്ങിയ സംഗീതജിവിതം എൺപത്തിയാറാമത് വയസ്സിലെത്തിയാണ് നിശ്ചലമാകുന്നത്.
പതിനാലാം വയസിൽ തന്നെ എഴുപത്തിരണ്ടു മേളകർത്ത രാഗങ്ങൾ സ്വായത്തമാക്കിയ ഈ അനശ്വര സംഗീത യുഗ പ്രഭാവൻ 25000 സംഗീത കച്ചേരികളാണ് ആസ്വാദകർക്കു മുന്നിൽ കാഴ്ച്ചവെച്ചത്..
ത്യാഗരാജശിഷ്യ പരമ്പരയുടെ പാരമ്പര്യത്തിൽ നിന്നു വന്ന ഈ സംഗീതജ്ഞൻ സ്വന്തമായി ചിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം രാഗങ്ങൾ അദ്ദേഹത്തെ സമകാലീനരായ മറ്റ് ,സംഗീതജ്ഞരിൽ നിന്നു് വ്യത്യസ്ഥനാക്കുന്നു. ലവങ്കി ‘ഗണപതി എന്നീ പേരുകളിൽ ഡോ: ബാലമുരളി കൃഷ്ണചിട്ടപ്പെടുത്തിയ രാഗങ്ങൾ പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടുള്ള ആധുനീകമായ സംഗീത ആ വിഷ്കാരങ്ങളാണ്. എന്നാൽ പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് ആറു സ്വരങ്ങൾ മാത്രം ഉപയോഗിച്ചു പാടുന്ന ഒരു രാഗവും അദ്ദേഹം സൃഷ്ടിച്ചു
സാഹിത്യത്തിന്റെ അർത്ഥവും ഭാവവും ഉറപ്പിച്ചു കൊണ്ടും വ്യാഖ്യാനിച്ചുകൊണ്ടും അദ്ദേഹം ആലപിക്കുന്ന പഞ്ചരത്ന കീർത്തനങ്ങൾ ശ്രോതാക്കൾക്ക് അവാച്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത് ശാസ്ത്രീയ സംഗീതത്തിന്റെ പരമ്പരാഗത മാമൂലുകൾ ഉല്ലംഗിച്ചുകൊണ്ട് വ്യത്യസ്തമായ ഗാനശൈലിക്കു രൂപം നൽകി അതിൽ ഉറച്ചു നിന്ന സംഗീതജ്ഞനാണ് ബാലമുരളി. പരസ്പര പൂരകമല്ലാത്ത ഹിന്ദുസ്ഥാനി സംഗീതവുമായി കർണ്ണാടക സംഗീതത്തിൽ നിന്നും ഒരു പാലം പണിത ഏക സംഗീതജ്ഞനാണ് ഡോ: ബാലമുരളികൃഷ്ണ’ സ്വരങ്ങളെടുത്തമ്മാനമാടുന്ന ഹിന്ദുസ്ഥാനി സംഗീത മാന്ത്രികൻ ഭീംസൻ ജോഷിയുമായ് ചേർന്ന് അദ്ദേഹം നടത്തിയ ജുഗൽബന്ദി ഭാരത സംഗീത ചരിത്രത്തിലെ അവിസ്മരണിയ രേഖപ്പെടുത്തലായി..
കർണ്ണാടക സംഗീതത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനകൾ കേൾക്കുന്നതും വേറിട്ടൊരു സംഗീതാനുഭവമാണ്.. ഗയാ രാഗമാലിക എന്നറിയപ്പെടുന്ന ഈ തില്ലാനകളും സംഗീത ലോകത്തിനു നൽകിയ അമൂല്യ സംഭാവനകളാണ്.വയലിൻ, വയോളം മൃദംഗം വേണു ഹാർമോണിയും തുടങ്ങി ആ റോളം സംഗീതോപകരണങ്ങളും ഈ സംഗീതജ്ഞൻ അനായാസമായി വായിക്കാൻ വഴങ്ങിക്കൊടുത്തു.. ഒരിക്കൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കച്ചേരിക്ക് വയലിൻ വായിച്ചു കൊണ്ട് താനൊരു മികച്ച പക്കമേളക്കാരനാണെന്നും അദ്ദേഹം തെളിയിച്ചു.തമിഴ്, തെലുങ്ക് കന്നട ‘മലയാള ചലച്ചിത്ര സംഗീതത്തിലും കഴിവു തെളിയിച്ച സംഗീത ശിരോമണിയായിരുന.്നു ഡോക്ടർ ബാലമുരളികൃഷ്ണ..
ബാലമുരളിക്കു ശേഷം ആ പ്രതിഭയുടെ വിയോഗം പരിഹരിക്കാനാവുന്ന പ്രതിഭാധനരായ ശിഷ്യരോ സംഗീതജ്ഞ രോ അവശേഷിക്കുന്നില്ല എന്ന അനാഥത്വമാണ് സമകാലീക കർണ്ണാടക സംഗീതം അഭിമുഖീകരിക്കുന്ന ഏക വെല്ലുവിളി..
ബാലമുരളീ നാദം നിലയ്ക്കുമ്പോൾ കർണ്ണാടക സംഗീത ഗുരു പരമ്പരയുടെ ഒരു യുഗാന്ത്യത്തിനാണ് താൽക്കാലിക വിരാമമാകുന്നത്