മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീർത്തു

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു. ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. വിദ്യാര്‍ഥിനിയ്ക്ക് ബുധനാഴ്ച്ച സ്‌കൂളില്‍ പ്രവേശിക്കാം. ആണ്‍കുട്ടിയ്ക്ക് വ്യാഴാഴ്ച്ച പരീക്ഷ എഴുതാനും അനുവാദം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇതുസംബന്ധിച്ച് ബാലാവകാശ കമ്മിഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും.

സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതതിന്റെ പേരില്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത് വന്‍ വിവാദമായിരുന്നു.

സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ മുന്‍കൈ എടുക്കാമെന്നും ധാരണയായിരുന്നു. അച്ചടക്ക നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും സ്‌കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായത്.