മാര്‍ത്തോമ്മാ എജുക്കേഷണല്‍ സൊസൈറ്റിയുടെ ജീവകാരുണ്യ തട്ടിപ്പ്

മാര്‍ത്തോമ്മാ സൊസൈറ്റിയിലെ തട്ടിപ്പ് പലവിധം: ജൂബിലിയും തട്ടിപ്പുമാര്‍ഗ്ഗം

തിരുവന്തപുരം: പ്രശസ്തമായ സെന്റ് തോമസ് സ്‌കൂളില്‍ ജൂബിലിയുടെ പേരില്‍ വന്‍ തട്ടിപ്പ്. വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തിയാണ് ഇവിടത്തെ ജീകാരുണ്യ പ്രവര്‍ത്തനം. 2000 രൂപയില്‍ കുറയാത്ത സംഖ്യയാണ് ഓരോ വിദ്യാര്‍ത്ഥികളും നല്‍കേണ്ടത്. രണ്ട് കുട്ടികള്‍ ഇവിടെ പഠിക്കുന്നെങ്കില്‍ അത് മൂവായിരത്തില്‍ കുറയാത്ത സംഖ്യയാകണം. ഡിസംബര്‍ പത്തിനകം പണം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സൊസൈറ്റി സെക്രട്ടറി ഡോ:രാജന്‍ വര്‍ഗ്ഗീസാണ് ഇത്തരത്തിലൊരു കത്ത് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപയുടെ കാരണ്യ പ്രവര്‍ത്തനങ്ങളാണ് മാര്‍ത്തോമാ ചര്‍ച്ച് എഡ്യൂക്കഷണല്‍ സൊസൈറ്റി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന ഭവന രഹിതരായ കുട്ടികള്‍ക്ക് വീട്, സാമ്പത്തികമായി പിന്നോക്കം നിര്‍ക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം എന്നിവയാണ് പദ്ധതികള്‍. ഇവയ്ക്കാവശ്യമായ പണം കണ്ടെത്താനാണ് ഇപ്പോഴത്തെ പിരിവ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ഭീമമായ ഫീസിനൊപ്പമാണ് ഈ നോട്ടീസു കൂടി. സംഭാവന നിര്‍ബന്ധമായി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നില്ലെങ്കിലും ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനം അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ പ്രതിഷേധത്തിലാണ്. 15000ത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സൊസൈറ്റിയുടെ കീഴിലുളള മൂന്ന് സ്‌കൂളുകളിലുമായി പഠിക്കുന്നത്. 50 കോടി രൂപയുടെ സ്ഥിര നിക്ഷപമുളള സൊസൈറ്റിയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈ പണപിരിവ് നടത്തുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സൊസൈറ്റി ജീവനക്കാര്‍ എന്നിവരില്‍ നിന്നും ഇത്തരത്തില്‍ പണ പിരിവിന് നീക്കമുണ്ടെന്നാണ് സൂചന.

പണമാവശ്യപ്പെട്ടുകൊണ്ട് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിതരണം ചെയ്ത കത്ത്
പണമാവശ്യപ്പെട്ടുകൊണ്ട് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിതരണം ചെയ്ത കത്ത്

കഴിഞ്ഞ വര്‍ഷം മുതല്‍ സി.ബി.എസ്.ഇയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് രാജസ്ഥാനിലെ കോട്ടയിലെ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന് സ്‌കൂളിന് ഉള്ളില്‍ കോച്ചിംഗ് സെന്റര്‍ നടത്താനുള്ള അനുമതി കൊടുത്തതും വിവാദമായിരുന്നു. ഇതിനെതിരെ സൊസൈറ്റിയിലെ പ്രമുഖര്‍ രംഗത്തുവന്നെങ്കിലും സ്‌കൂളിന് പ്രതിവര്‍ഷം ഒരുകോടിരൂപ ലാഭം കിട്ടുമെന്ന ന്യായം പറഞ്ഞ് അതിപ്പോഴും തുടരുകയാണ്. രാജന്‍ വര്‍ഗ്ഗീസ് സെക്രട്ടറി ആയതിനുശേഷമുള്ള സാമ്പത്തിക ഇടപാടുകളാണ് മിക്കതും വിവാദമായിരിക്കുന്നത്.