കബാലി വരുത്തിയ നഷ് ടം രണ്ട് കോടി ; തിയേറ്ററുകാര്‍ രജനികാന്തിന് കത്ത് നല്‍കി

ചെന്നൈ: രജനികാന്തിന്റെ കബാലി ആഗോള സൂപ്പര്‍ഹിറ്റെന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. രജനി ഇഫക്ടിനെ കുറിച്ച് പഠിക്കാന്‍ ബിസിനസ് വിദ്യാര്‍ത്ഥികള്‍ വരെ മുന്നിട്ടിറങ്ങി. എന്നാല്‍ ചിത്രം തങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടം വരുത്തിയെന്ന് കാട്ടി തൃച്ചിയിലെയും തഞ്ചാവൂരിലെയും തിയേറ്റര്‍ ഉടമകള്‍ രജനീകാന്തിന് കത്ത് നല്‍കി. ചെന്നൈയിലെ എം.ജി.ആര്‍ ഫിലിംസിറ്റിയല്‍ വെച്ചാണ് കത്ത് നല്‍കിയതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. 200 കോടി മുടക്കിയ ചിത്രം റിലീസാകും മുമ്പ് 100 കോടി ലാഭം നേടിയിരുന്നു. ചിത്രത്തിന്റെ വിതരണ അവകാശം പലര്‍ക്കും വിറ്റതിലൂടെയും സാറ്റലൈറ്റ് അവകാശത്തിലൂടെയുമായിരുന്നു ഇത്.
kabali-theatre
അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് താണു പറയുന്നത് ഇതേക്കുറിച്ച് അറിയില്ലെന്നാണ്. തൃച്ചി ഭാഗത്തെ വിതരണ അവകാശം ഫ്രാന്‍സിസ് എന്നയാള്‍ക്കാണ് നല്‍കിയത്. പരാതി നല്‍കിയതെന്ന് പറയുന്ന തിയേറ്റര്‍ ഉടമകളെ അയാള്‍ക്കറിയില്ലെന്നും താണു വ്യക്തമാക്കി. ചിത്രം തമിഴ്‌നാട്ടില്‍ 125 ദിവസം പൂര്‍ത്തിയാക്കിയ ശേഷം നഷ്ടം വന്നെന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രജനികാന്തിന്റെ കഴിഞ്ഞ ചിത്രം ലിങ്ക ഇതേ കുരുക്കില്‍ പെട്ടിരുന്നു. സാമ്പത്തിക നഷ്ടമുണ്ടായ തിയേറ്റര്‍ ഉടമകള്‍ അന്ന് രജനികാന്തിനെ സമീപിക്കുമെന്ന് അറിഞ്ഞ നിര്‍മാതാവ് തിരുപ്പൂര്‍ സുബ്രഹ്മണ്യനും അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ താണുവും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കി  പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ബാബ. അന്ന് വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും കോടിക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്. അതെല്ലാം രജനികാന്ത് തന്നെ തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 100 കോടി ബഡ്ജറ്റിലെടുക്കുന്ന സിനിമ ഇരട്ടി തുകയ്ക്ക് പലയിടത്തായി വിതരണക്കാര്‍ക്ക് മറിച്ച് വിറ്റി കോടിക്കണക്കിന് രൂപയാണ് തമിഴ്‌നാട്ടിലെ നിര്‍മാതാക്കള്‍ കൊയ്യുന്നത്. അതുകൊണ്ടാണ് വിജയ്, സൂര്യ, വിക്രം തുടങ്ങിയ താരങ്ങള്‍ ലോ ബജറ്റ് സിനിമകളില്‍ അഭിനയിക്കാത്തത്.