ബാലന്‍സ് കുറവ്; എസ്ബിഐ നിര്‍ത്തലാക്കിയത് 41.16 ലക്ഷം അക്കൗണ്ടുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ രണ്ട് മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്‍സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയപ്രകാരമാണ് നിര്‍ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു വിട്ടിരിക്കുന്നത്.

എസ്ബിഐയില്‍ 41 കോടിയോളം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 2.10 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 1.10 കോടി അക്കൗണ്ടുകള്‍ പ്രധാന്‍ മന്ദിരി ജാന്‍ ധന്‍ യോജനയില്‍ ഉള്ളതാണ്. ഈ അക്കൗണ്ടുകളെ പ്രതിമാസ ശരാശരി വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം നിര്‍ത്തലാക്കിയ അക്കൗണ്ടുകളെ എണ്ണം താരതമ്യേന കൂടുതലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വന്‍ നഷ്ടത്തിലാണെന്നാണ് മൂന്നാം പാദം കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ബാങ്ക് നഷ്ടത്തിലാകുന്നത്. കുത്തനെ ഉയര്‍ന്ന കിട്ടാക്കടത്തിന് ആവശ്യമായ കരുതല്‍ ധനം ബാങ്കിന്റെ ഫണ്ടില്‍ നിന്നും കണക്കാക്കേണ്ടി വന്നതാണ് വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്താന്‍ കാരണം. മൂന്നാം പാദത്തിലെ മാത്രം കിട്ടാക്കടം 1991 കോടി രൂപയാണ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം ഏഴു ബാങ്കുകള്‍ ലയിപ്പിച്ചതിനു ശേഷം ബാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.