സഖിയുടെ ജീവിതം; ഒരു സഖാവിന് തുണയാവുന്നു

shaju
ഷാജു

തിരുവല്ല ഉഴത്തില്‍ നൈനാന്‍ ജോണിന്റെ മകനായ സഖി ജോണ്‍ എന്ന ഹംദര്‍ദ് സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ മനുഷ്യ സ്നേഹത്തിന്റെ കഥ എല്ലാവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്നതാണ്. ദാനത്തിന്റെ ശീലം എല്ലാവരിലും വളര്‍ത്തുക, സ്നേഹത്തിന്റ പാതയില്‍ ജാതിയും മതവും ഇല്ലാതെ മനുഷ്യന്‍ മാത്രം മുന്നോട്ട് പോവുക ഈ ലക്ഷ്യങ്ങളാണ് സഖി ജോണിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാനായി ഒരു വര്‍ഷം മുമ്പ് പ്രൊഫസര്‍ ഒരു തീരുമാനമെടുത്തു. താന്‍ ജീവനോടെയിരിക്കുമ്പോള്‍ തന്നെ മറ്റൊരു ജീവന് രക്ഷയാകണം. ഈ തീരുമാനം പുതുവെളിച്ചമായത് പീച്ചിയിലെ മണക്കുഴി എന്ന വനയോരമേഖലയിലെ ഷാജു എന്ന തൊഴിലാളിക്കാണ്. ഇരു വൃക്കകളും തകരാറിലായി മരണം മാത്രം മുന്നില്‍ കണ്ട് പ്രതീക്ഷയറ്റ് കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് വൃക്ക ദാനം ചെയ്യാമെന്ന സഖിയുടെ ഉറപ്പ് ദൈവവചനം പോലെയാണ് തോന്നിയത്.

ഡയാലിസിനു പോലും പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഈ കുടുംബത്തിന് തുണയായി ഒരു ഗ്രാമം ഒത്ത് ചേര്‍ന്നപ്പോള്‍ സഹായനിധിയിലേക്ക് ഒഴുകിയെത്തിയത് 22 ലക്ഷം രൂപയായിരുന്നു. ഇങ്ങനെ ചികിത്സയുമായി മുന്നോട്ടു പോകുമ്പോഴാണ് ഫാദര്‍ ഡേവിഡ് ചിറമേലിന്റെ കിഡ്നി ഫെഡറെഷന്‍ ഓഫ് ഇന്ത്യയില്‍ സഖി ജോണ്‍ വൃക്ക ദാനം ചെയ്യുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്യുന്നത്. ഷാജുവിന് സഖി ജോണിന്റ വൃക്ക അനുയോജ്യമാണെന്ന കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

വൃക്ക ദാനം ചെയ്യുന്നു എന്ന തീരുമാനത്തിനൊപ്പം കുടുംബം നിന്നപ്പോഴും സ്നേഹം കൊണ്ട് ചില സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രൊഫസറെ പിന്നോട്ട് വലിച്ചത് നിയമത്തിന്റെ നൂലമാലകളാണ്. ഏകദേശം 59 സര്‍ട്ടിഫിക്കറ്റുകളാണ് ഇതിന് ആവശ്യമായിരുന്നത്. എന്തായാലും നിയമ വഴികളെല്ലാം ഇപ്പോള്‍ സുഗമമായി കഴിഞ്ഞു. ഇനിയുള്ളത് ശ്സ്ത്രക്രിയ മാത്രമാണ്. ഈ മാസം 21ന് കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലാണ് ശസ്ത്രക്രീയ.

ഇതു കൂടി വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന സന്തോഷത്തിലാണ് സഖി ജോണ്‍. ഒപ്പം ഷാജുവിന് ഒരു പുതുജീവിതവും. ചേരി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുകയാണ് സഖി ജോണ്‍. ഒപ്പം പ്രമുഖ സന്നദ്ധന്ധസംഘടനയായ ദീപാലയ ഭരണസമിതി അംഗവുമാണ്.
സന്നദ്ധപ്രവര്‍ത്തനം പണം കൊണ്ട് മാത്രമല്ല തന്റെ ശരീരം കൊണ്ടുമാകാമെന്ന് പഠിപ്പിക്കുകയണ് ഹംദര്‍ദ് സര്‍വ്വകലാശാലയിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പഠിപ്പിക്കുന്ന ഈ പ്രഫസര്‍ തെളിയിക്കുന്നു.