ജീവിച്ചിരിക്കുന്ന കെ.എസ് സേതുമാധവനെ മനോരമ മണ്‍മറഞ്ഞ പ്രതിഭയാക്കി

വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന അനശ്വര ചലച്ചിത്രകാരന്‍ കെ.എസ് സേതുമാധവനെ മലയാളമനോരമ മണ്‍മറഞ്ഞ പ്രതിഭയാക്കി. ഈമാസം ഒന്‍പതിന് തുടങ്ങുന്ന കേരള രാജ്യാന്തരചലച്ചിത്ര മേളയോട് അനുബന്ധിച്ച് മലയാളസിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകളെ ഓര്‍മിക്കുന്നതിനായി അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിടപറഞ്ഞവരുടെ പേരില്‍ വേദികളുണ്ടാവും. പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രത്യേക സിനിമ വിഭാഗം തന്നെ ഉണ്ടാകുമെന്നാണ് നവംബര്‍ 29ന് ഇറങ്ങിയ മനോരമയുടെ തിരുവനന്തപുരം എഡിഷനില്‍ ചലച്ചിത്രമേള: മണ്‍മറഞ്ഞ പ്രതിഭകളെ ഓര്‍മിക്കും എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്.
manorama-killed-sethu
എന്നാല്‍ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടപ്പോള്‍ കെ.എസ് സേതുമാവന്റെ ചലച്ചിത്ര സംഭാവനകളെ മുന്‍നിര്‍ത്തി മേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നുണ്ടെന്ന് അറിഞ്ഞു. ആദരവാണ് മനോരമ ആദരാഞ്ജലിയാക്കിയത്. എന്നാല്‍ അന്തരിച്ച ചലച്ചിത്ര മേഖലയിലെ പ്രതിഭകളായ ഒ.എന്‍.വി, കാവാലം നാരായണപ്പണിക്കര്‍, ബാലമുരളാകൃഷ്ണ, പി.കെ നായര്‍, കലാഭവന്‍ മണി, കല്‍പ്പന, ടി.എ റസാഖ് എന്നിവരുടെ ഓര്‍മയ്ക്കായി അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും വേദികള്‍ക്കും ഗേറ്റിനും മറ്റും അവരുടെ പേരുകള്‍ നല്‍കുകയും ചെയ്യും.
മേളയോട് അനുബന്ധിച്ച് കനകക്കുന്നിലെ പ്രധാന ഗേറ്റിന് ഒ.എന്‍.വിയുടെ പേരും ടഗോര്‍ തിയേറ്ററിലെ ഗേറ്റ് കാവാലം നാരായണപ്പണിക്കരുടെ പേരിലും ഓപ്പണ്‍ ഫോറത്തിന്റെ വേദി പി.കെ നായരുടെ പേരിലും ആയിരിക്കും അറിയപ്പെടുക. പി.കെ നായരുടെ സ്മരണയ്ക്കായി സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള സിംപോസിയവും സംഘടിപ്പിക്കുന്നുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. ശ്യാംബെനഗലാണ് സിംപോസിയം നയിക്കുക. കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര പ്രവര്‍ത്തകരായ 25ഓളം പേര്‍ വിടവാങ്ങിയെന്നാണ് കണക്ക്. അവരെയെല്ലാം അനുസ്മരിക്കുന്നതിന് 11ന് പിന്‍നിലാവ് എന്ന പരിപാടയും സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ സിനിമാ മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥി ആയിരിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.