എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍

കൊച്ചി രൂപതയുടെ ഉടമസ്ഥതയില്‍ ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂര്‍ക്കരി എന്ന ദ്വീപിലാണ് മഴനൃത്തം അരങ്ങേറിയത്. എറണാകുളത്തെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹകരണത്തോടെ രൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോപ്പി കൂട്ടുങ്കലാണ് കുതിരക്കൂര്‍ക്കരിയില്‍ മഴനൃത്തം സംഘടിപ്പിച്ചത്. എറണാകുളം കായലിലെ സ്റ്റാര്‍ ഹോട്ടലിലും എറണാകുളം ദ്വീപിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലുമാണ് നേരത്തെ മഴനൃത്തം നടന്നിട്ടുള്ളത്.
where-is-john-thattunkal-30112016
എവിടെ ജോണ്‍? :: കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (ആദ്യ അധ്യായം)
കുതിരക്കൂര്‍ക്കരിയില്‍ നടന്ന മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 500 രൂപയായിരുന്ന എന്‍ട്രി ഫീസ്. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നു. സ്ത്രീകളോടൊപ്പമുള്ള പുരുഷന്‍മാര്‍ക്ക് 400 രൂപയായി എന്‍ട്രി ഫീസ് ചുരുക്കിയിരുന്നു. ബിയറടക്കമുള്ള മദ്യവും വിളമ്പിയിരുന്നു. ഒരു ബിയറിന് 250 രൂപയും ഒരു പെഗിന് 200 രൂപയുമായിരുന്നു റേറ്റ്. മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്തവരെ ഇവന്റ്മാനേജ്മെന്റ് ടീമാണ് കൊച്ചിയിലെ പെരുമ്പടപ്പിലെത്തിച്ചത്. തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിലെത്താനായിരുന്നു നിര്‍ദ്ദേശം. ആശുപത്രിക്ക് പുറകിലുള്ള താല്‍ക്കാലിക ജെട്ടിയില്‍ നിന്നും ഇവരെ ദ്വീപിലെത്തിക്കാനാണ് യന്ത്രം ഘടിപ്പിച്ച ബോട്ടുകാര്‍ക്കുള്ള നിര്‍ദ്ദേശം. 60തോളം പേര്‍ മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. പരിപാടി കൊഴുപ്പിക്കാന്‍ ബാംഗ്ലൂരുവില്‍ നിന്ന് നാല് പ്രൊഫഷണല്‍ കാബറെ നര്‍ത്തകരുമെത്തി. ചില വിദേശികളും മഴനൃത്തത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വൈകിട്ട് എഴ് മണിയോടെയാണ് മഴനൃത്തം ആരംഭിച്ചത്.
നൃത്ത വേദിക്ക് മുകളില്‍ കൃത്രിമ ജലധാര ഒഴുക്കിയാണ് മഴനൃത്തം സംഘടിപ്പിച്ചത്. കാതടപ്പിക്കുന്ന ഡി.ജെ സംഗീതത്തോടൊപ്പം വര്‍ണ്ണവെളിച്ചങ്ങളും മിന്നിമറഞ്ഞു. ഓരോ 10 മിനിറ്റ് കഴിയുമ്പോഴും സംഗീതവും വെളിച്ചവും നിലയ്ക്കും. ഇതാണ് ബ്ലാക്ക്ഔട്ട് ടൈം. ഈ സമയത്ത് ആര്‍ക്കും ആരെയും കെട്ടിപ്പിടിക്കാം ഉമ്മവയ്ക്കാം. 30 സെക്കന്‍ഡ് കഴിയുമ്പോള്‍ സംഗീതവും വെളിച്ചവും തിരിച്ച് വരും. ഇങ്ങനെയാണ് മഴനൃത്തം പുരോഗമിച്ചത്. നൃത്തത്തിന്റെ ഉച്ചസ്ഥായിയില്‍ പ്രൊഫഷണല്‍ കാബറെ നര്‍ത്തകികള്‍ അവരുടെ നനഞ്ഞൊട്ടിയ മേല്‍വസ്ത്രം ഊരി എറിയും. ഇതോടെ ലഹരിനുണഞ്ഞ് ഉന്‍മാദാവസ്ഥയിലായ നൃത്തസംഘം ആവേശത്തിമിര്‍പ്പിലാവും.
തങ്ങളുടെ കൂടെ തുള്ളുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മേല്‍വസ്ത്രം ഊരിയെറിയും. ഇതോടെ കൂടുതല്‍ പ്രകാശപൂര്‍ണമാവും മഴനൃത്തവേദി. നാല് മൂവി ക്യാമറ വെച്ച് പരിപാടി ഷൂട്ട് ചെയ്യുന്ന കാര്യം നര്‍ത്തകരാരും അറിഞ്ഞിരുന്നില്ല. ഈ രംഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് വിഡിയോ ആല്‍ബങ്ങളാക്കി വിദേശത്തെ ചില പോര്‍ണോ മ്യൂസിക്കല്‍ ചാനലുകള്‍ക്ക് വില്‍ക്കുന്ന കാര്യവും ആരും അറിയില്ല. ഈ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായലില്‍ ഒളിച്ചിരുന്ന് ഷൂട്ട് ചെയ്ത വാര്‍ത്താ സംഘം നൃത്തവേദിയിലേക്കെത്തിയത്. അതോടെ നൃത്തവും സംഗീതവും നിലച്ചു. ഇരുട്ടില്‍ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന ചില നാട്ടുകാര്‍ ‘ നിര്‍ത്തെടാ നിന്റെയൊക്കെ സെക്സ് ടൂറിസം’ എന്നാക്രോശിച്ചതോടെ പരിപാടിക്ക് കാവല്‍ നിന്ന കണ്ണമാലി സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ജീവനും കൊണ്ടോടി.  ഇതൊരു ഒരു നക്സലേറ്റ് ആക്രമണമാണെന്നാണ് തങ്ങള്‍ വിചാരിച്ചതെന്ന് പൊലീസ് പിന്നീട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെയും കായലില്‍ മീന്‍പിടിച്ചിരുന്നവരുടെയും ഇടപെടലോടെ മഴനൃത്തത്തിന്റെ അന്ത്യം അവതാളത്തിലായി. അനുവാദമില്ലാതെ ഇവിടെ പ്രവേശിക്കാന്‍ നിങ്ങള്‍ക്കെന്ത്കാര്യമെന്ന് പള്ളിലച്ചന്‍ പത്രക്കാര്‍ക്ക് നേരെ തിരിഞ്ഞത് പ്രശ്നം കൂടുതല്‍ വഷളാക്കി. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകള്‍ സംഭവം വാര്‍ത്തയാക്കിയതോടെ രൂപതാനേതൃത്വം മാധ്യമങ്ങളുടെ മുന്നില്‍ ചൂളി. വിദേശത്തുള്ള ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ കൊച്ചിയിലെത്തിയ ശേഷം ഈ തട്ടുങ്കലിനെതിരെ നടപടി ഉണ്ടാകുമെന്ന് രൂപതയിലെ വിശ്വാസികള്‍ കരുതി. ഒരാഴ്ചയ്ക്കുള്ളില്‍ ബിഷപ്പ് തട്ടുങ്കലെത്തി. വിശദീകരണത്തിനായി ജനങ്ങളും മാധ്യമങ്ങളും കാതോര്‍ത്തു. പക്ഷെ, ഒന്നും നടന്നില്ല. മനസില്ലാ മനസോടെ ബിഷപ്പ് തട്ടുങ്കല്‍ ജോപ്പി അച്ചനെ കുറ്റവിമുക്തനാക്കി. ഇതിന് ബിഷപ്പിനെ പ്രേരിപ്പിച്ചതാര്?
അക്കാര്യം നാളെ