പ്രയാര്‍ വീണ്ടും വിവാദത്തില്‍; പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് തടയും

ശബരിമല ദര്‍ശനത്തിനെത്തുന്ന അയപ്പന്‍മാരോടൊപ്പമെത്തുന്ന സ്ത്രീകളെ പമ്പയില്‍ കുളിക്കുന്നതില്‍ നിന്നും വിലക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. സ്ത്രീ പ്രവേശനം എങ്ങനെയും തടയുക എന്ന നീക്കത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നാണ് പ്രധാന ആക്ഷേപം. പിക്നിക്കിന് പോകുന്നതു പോലെയാണ് ഇവിടെ യുവതികള്‍ എത്തുന്നത് എന്ന പ്രസ്താവനയ്ക്കും വരും ദിവസങ്ങളില്‍ പ്രയാര്‍ മറുപടി പറയേണ്ടി വരും.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നുമാണ് പ്രയാറിന്റെ വാദം. തീര്‍ത്ഥാടനകാലം കഴിഞ്ഞും സ്ത്രീകള്‍ പമ്പയില്‍ എത്തുന്നത് തടയും. 41 ദിവസത്തെ കഠിന വ്രതം എടുത്ത് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടക്കുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ ആചാരം അനുവദിക്കുന്നില്ലെങ്കിലും പമ്പയില്‍ എത്തുന്നതിനും, പമ്പാ ഗണപതി അമ്പലത്തില്‍ ദര്‍ശനം നടത്തുന്നതിനും തടസ്സമില്ല. ഇത് കൂടി നിര്‍ത്തലാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമമെന്ന് വിമര്‍ശനമുണ്ട്.