തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിയിലെ അള്‍ത്താരയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ക്രൂശിത രൂപം തകര്‍ത്തു

തൃശ്ശൂര്‍ തൃപ്രയാര്‍ സെന്റ് ജൂഡ് പളളിയിലെ ക്രൂശിത രൂപം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ക്രൂശിത രൂപത്തിന്റെ വയര്‍ ഭാഗത്ത് മുനയുളള ആയുധം കൊണ്ട് കുത്തി നശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം രൂപം താങ്ങിനിര്‍ത്തുന്ന പീഠത്തിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയ നിലയിലാണ്. പള്ളിക്കുള്ളില്‍ കടന്നുളള സാമൂഹ്യ വിരുദ്ധുടെ ആക്രമണത്തില്‍ വിശ്വാസികളെല്ലാം പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പകല്‍ സമയത്താണ് ആക്രമണമെന്നാണ് സൂചന. വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ കീഴിലുളള ഈ പളളിയില്‍ ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയുമാണ് ദിവ്യ ബലിയുളളത്. മറ്റ് ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്കായി പളളിയുടെ വടക്കു ഭാഗത്തെ വാതില്‍ മാത്രമാണ് തുറന്നിടുക. നിരവധി യാത്രക്കാരാണ് ഇവിടെ പ്രാര്‍ത്ഥിക്കാനായി ഇറങ്ങുക. പള്ളിയിലെ ചുമതലക്കാരനാണ് പളളി തുറക്കാനെത്തിയപ്പോള്‍ അള്‍ത്താരയ്ക്ക് നേരെയുളള ആക്രമണം കണ്ടത്. തകര്‍ന്ന ഭാഗങ്ങള്‍ പള്ളിക്കുള്ളില്‍ തന്നെ ചിതറികിടുക്കുകയാണ്. പള്ളി വികാരി പരാതി നല്‍കിയതിനെ തുടര്‍ന്ന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദേവാലയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്.