ആര്‍.സി.സിയില്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവം: എച്ച്‌ഐവി ബാധയുള്ള രക്തം കുട്ടിക്ക് നല്‍കിയെന്ന് കണ്ടെത്തല്‍

കൊച്ചി: ആര്‍.സി.സിയില്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എച്ച്‌ഐവി ബാധയുള്ള രക്തം കുട്ടിക്ക് നല്‍കിയതായി സ്ഥിരീകരണം. ഇത് സംബന്ധിച്ച എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാ ഫലം പുറത്തു വന്നു. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് എച്ച്‌ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് രോഗം തിരിച്ചറിയാതിരുന്നത്. ഇതോടെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയില്‍ നിന്ന് തന്നെയെന്ന് വ്യക്തമാകുകയാണ്.

ആര്‍സിസി നാടകം കളിച്ചുവെന്ന് ആലപ്പുഴയില്‍ മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഡോക്ടര്‍മാരടക്കം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും എച്ച്‌ഐവി ബാധ അറിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

ഒരു വര്‍ഷത്തിലേറെയായി മജ്ജയിലെ ക്യാന്‍സറിനു ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ഒരാഴ്ച്ച മുന്‍പ് പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിടുതല്‍ ലഭിച്ചുവെങ്കിലും ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെ കുട്ടി മരിച്ചു. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രക്ത സാമ്പിളും ചികിത്സാ രേഖകളും സൂക്ഷിക്കണമെന്ന് ആര്‍സിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചികിത്സയ്ക്കിടെ ശേഖരിച്ച രക്ത സാമ്പിളുകള്‍ നശിപ്പിക്കരുതെന്നും കോടതി അറിയിച്ചിരുന്നു.

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചപ്പോള്‍ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്താര്‍ബുദം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തി. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്.

ചികിസാ റിപ്പോര്‍ട്ട് പരിശോധിച്ച ബന്ധുക്കള്‍ കുഞ്ഞിന് എച്ച്‌ഐവി ഉള്ളതായി പരാതി ഉന്നയിച്ചു. അതേസമയം ചികിത്സ പിഴവാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് പിതാവ് ആവര്‍ത്തിച്ചു. പരാതി ഒത്തു തീര്‍പ്പാക്കാന്‍ ആര്‍സിസി അധികൃതര്‍ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈയില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഡല്‍ഹിയിലാണ് തുടര്‍ പരിശോധന പൂര്‍ത്തിയാക്കിയത്.