മൻമോഹൻ സിംഗിന്റെ കൊച്ച് മകനും ഉമ്മൻ ചാണ്ടിയുടെ മകനും തൊട്ട് കെ സുധാകരൻ വരെ ഹാജർ : ഷുഹൈബ് കേസിൽ സുപ്രീം കോടതിയിലെ ഏഴാം നമ്പർ കോടതിയിൽ ഇന്ന് കണ്ടത്.

കോൺഗ്രസ് പാർട്ടിക്ക് ഒരു കേസ് നടത്താൻ അറിയാമോ? സോണിയ ഗാന്ധിയുടെത് മുതൽ കെ കരുണാകരന്റെ കേസുകളിൽ വരെ സുപ്രീം കോടതിയിൽ നടന്ന വാദങ്ങൾ കേട്ട പലർക്കും ഈ സംശയം ഉണ്ടാകും. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഉൾപ്പെട്ട കേസ്സുകൾ ആണെങ്കിൽ പോലും ഗാന്ധി കുടുംബവും ആയി ബന്ധപ്പെട്ട ഒന്നോ രണ്ടോ അഭിഭാഷകർ മാത്രം ആയിരിക്കും കോടതിയിൽ ഉണ്ടാകുക. കെ കരുണാകരൻ ഉൾപ്പെട്ട പാമോലിൻ കേസിൽ ആകട്ടെ അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ കുടുംബത്തിൽ നിന്നോ പാർട്ടിയിൽ നിന്നോ ഒരാളെ പോലും കോടതിയിൽ കണ്ടിരുന്നില്ല.

കോടതി ഭാഷയിൽ പറഞ്ഞാൽ അപൂർവ്വങ്ങളിൽ അപൂർവ്വം ആയ കാഴ്ച ആണ് ഇന്ന് ജസ്റ്റിസ് മാരായ എസ് എ ബോബ്‌ഡെ , എൽ നാഗേശ്വർ റാവു എന്നിവർ അടങ്ങിയ ബെഞ്ച് ഇരുന്ന സുപ്രീം കോടതിയുടെ ഏഴാമത്തെ കോടതിയിൽ ഇന്ന് കണ്ടത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സി പി മുഹമ്മദ്,എസ് പി റസിയ എന്നിവർ നൽകിയ ഹർജി ഇന്ന് ഈ ബെഞ്ച് പരിഗണിച്ച 42 മത്തെ കേസ്. ഈ കേസിന്റെ അന്തിമ ഫലം എന്തും ആയികോട്ടെ, കോൺഗ്രസ് പാർട്ടിക്കും ആത്മാർത്ഥം ആയി ഒരു കേസ് നടത്താൻ അറിയാം എന്ന് ചരിത്രത്തിൽ രേഖപെടുത്തിയേക്കാവുന്ന കേസായി ഒരു പക്ഷേ മുഹമ്മദിന്റെയും റസിയയുടെയും ഹർജി മാറിയേക്കാം.

ഏഴാമത്തെ കോടതിയിലെ നടപടികൾ രാവിലെ 10.30 ന് ആരംഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ സുധാകരൻ കോടതിയിൽ എത്തിയിരുന്നു. മുൻ പാർലമെന്റ് അംഗം, മുൻ സംസ്ഥാന മന്ത്രി, മുൻ നിയമസഭാ അംഗം. പാർലമെന്ററി രംഗത്ത് പദവികൾ നിരവധി വഹിച്ചിട്ടുണ്ട് എങ്കിലും കെ സുധാകരൻ ഇന്ന് ഒരു സാധാരണ വ്യക്തിയെ പോലെ ആണ് കോടതിയിൽ നിന്നത്. മുഹമ്മദും റസിയയും നൽകിയ ഹർജിയുടെ ഫലം എന്തായിരിക്കും എന്ന ടെൻഷൻ ആ മുഖത്ത് പ്രകടം ആയിരുന്നു. ഇടയ്ക്ക് അഭിഭാഷകരിൽ ചിലർ ഒക്കെ അടുത്ത് എത്തി കുശലാന്വേഷണം നടത്തുമ്പോഴും മുഖത്ത് തെളിയുന്ന ചിരി സെക്കന്റുകൾക്ക് ഉള്ളിൽ തന്നെ ഗൗരവ്വത്തിന് വഴി മാറികൊണ്ടിരുന്നു.

ഷുഹൈബ് കേസിന്റെ നടപടികൾ പൂർത്തിയാകുന്നത് വരെ ഒരിക്കൽ പോലും സുധാകരൻ ഇരിക്കുന്നത് കണ്ടില്ല. ഏഴാമത്തെ കോടതിയിൽ ഇന്ന് നീതിയും പ്രതീക്ഷിച്ച് ഒന്നര മണിക്കൂർ നിന്ന കെ സുധാകരന് സുപ്രീം കോടതിയിലെ ഒരു വിവാദവും ആയി ബന്ധം ഉണ്ട്. രാഷ്ട്രീയ കേരളം വിസ്മരിച്ച ആ വിവാദം ഇന്ന് ഏഴാം നമ്പർ കോടതിയിൽ നിന്നപ്പോൾ എന്ത് കൊണ്ടോ പെട്ടെന്ന് ഓർത്ത് പോയി. വി എസ് അച്യുതാനന്ദൻ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണ പിള്ളയെ സുപ്രീം കോടതി ജയിലിൽ ആക്കിയതിന് തൊട്ട് പിന്നാലെ കെ സുധാകരൻ സുപ്രീം കോടതിക്ക് എതിരെ ഒരു ബോംബ് പൊട്ടിച്ചു. ജുഡീഷ്യറിക്ക് എതിരെ ഒരു അഴിമതി ആരോപണം ആയിരുന്നു ആ ബോംബ്.

ബാർ ലൈസെൻസ് അനുവദിക്കുന്നതും ആയ ബന്ധപ്പെട്ട കേസിൽ അനുകൂല വിധി ലഭിക്കുന്നതിനായി 1993 ൽ സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്ക് 36 ലക്ഷം കൈക്കൂലി നൽകുന്നതിന് സാക്ഷി ആണെന്ന് ആയിരുന്നു സുധാകരന്റെ ആരോപണം. ആരോപണത്തെ തുടർന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്‌ണൻ കേസ് റെജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നു. ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. പക്ഷേ ആർ ബാലകൃഷ്ണ പിള്ളയെ ജയിലിൽ അടച്ച ബെഞ്ചിന് നേതൃത്ത്വം നൽകിയ ജസ്റ്റിസ് പി സദാശിവം ഇന്ന് കേരള ഗവർണർ ആണ്. ബാലകൃഷ്ണ പിള്ള സുധാകരനെയും സുധാകരന്റെ പാർട്ടിയെയും കൈവിട്ട് മറ്റൊരു ചില്ലയിൽ ചേക്കേറിയത് പിൽക്കാല ചരിത്രം.

വീണ്ടും ഷുഹൈബ് കേസിലേക്ക് തന്നെ വരാം. ഏഴാമത്തെ കോടതി 30 മാത്തെ കേസ് പരിഗണിച്ച് കൊണ്ടിരുന്നപ്പോൾ ആണ് മുഹമ്മദിന്റെയും റസിയയുടെയും അഭിഭാഷകൻ ആയ കപിൽ സിബൽ ജൂനിയർ ആയ രാഘവ് തൻഖക്ക് ഒപ്പം കോടതിയിൽ എത്തുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കൊച്ച് മകൻ ആണ് രാഘവ് തൻഖ. ഷുഹൈബ് കൊലപാതക കേസിൽ കപിൽ സിബലിനെ അസിസ്റ്റ് ചെയ്യുന്നത് രാഘവ് ആണ്. കോടതിയിൽ എത്തിയപാടെ ഇടത് ഭാഗത്ത് മുന്നിൽ നിന്ന് മൂന്നാമത്തെ നിരയിൽ കപിൽ സിബൽ ഇരുന്നു. കേസ്സുമായി ബന്ധപ്പെട്ട ഏതോ കുറച്ച് രേഖകൾ രാഘവ് തൻഖ സിബലിന് കൈമാറി. സിബൽ ആ രേഖകൾ വായിക്കാൻ തുടങ്ങി. ആ വായന 40 മത്തെ കേസ് കോടതി പരിഗണിക്കുന്നത് വരെ തുടർന്നു.

41 മാത്തെ കേസ് കോടതി പരിഗണനയ്ക്ക് എടുത്തപ്പോൾ സിബൽ മൂന്നാം നിരയിൽ നിന്ന് ഒന്നാമത്തെ നിരയിൽ എത്തി. നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ 41 മാത്തെ കേസ് പൂർത്തീകരിച്ച് കോടതി 42 മാത്തെ കേസിലേക്ക് കടന്നു. കപിൽ സിബൽ ഇടത് ഭാഗത്തെ ഒന്നാം നിരയിൽ ആദ്യ സീറ്റിന് അടുത്ത് എത്തി. തൊട്ട് അടുത്ത് മുൻ സ്റ്റാന്റിംഗ് കൗൺസിലും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും ആയ എം ആർ രമേശ് ബാബു, അതിന് അടുത്ത് മുൻ ഡി ജി പി അസഫ് അലി. ആസിഫ് അലിക്ക് തൊട്ട് അടുത്ത് ഒരു പയ്യൻ. മറ്റ് ആരുമല്ല അത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ.

പാലിയേക്കര ടോൾ കേസിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഒപ്പം ആണ് ചാണ്ടി ഉമ്മനെ ഇതിന് മുമ്പ് കണ്ടിട്ടുള്ളത്. അന്ന് ചാണ്ടി ഉമ്മൻ കോടതിയിൽ കാര്യമായി ഒന്നും പറഞ്ഞ് കണ്ടില്ല. ജസ്റ്റിസ് ചെലമേശ്വറിന്റെ അധ്യക്ഷ്യതയിൽ ഉള്ള ബെഞ്ച് ആയിരുന്നു പാലിയേക്കര ടോൾ കേസ് പരിഗണിച്ചിരുന്നത് എന്നാണ് ഓർമ്മ. അന്ന് കോടതിയിൽ വെറും മൗനി ആയി നിന്നിരുന്ന ചാണ്ടി ഉമ്മനെ അല്ല ഇന്ന് കോടതിയിൽ കാണാൻ സാധിച്ചത്. ഞാൻ റിപ്പോർട്ട് ചെയ്യാൻ പോകാത്ത മറ്റ് ഏതെങ്കിലും കേസിൽ ചാണ്ടി ഉമ്മൻ ഹാജർ ആയിട്ടുണ്ടെങ്കിൽ അത് എന്റെ പിശക് ആണ്.

ഷുഹൈബ് കേസിൽ ഇന്ന് നടന്ന വാദത്തിന്റെ 80 ശതമാനവും ഹൈകോടതി ഡിവിഷൻ ബെഞ്ചിന് സിംഗിൾ ബെഞ്ചിന്റെ വിധിക്ക് എതിരായ അപ്പീൽ പരിഗണിക്കാൻ നിയമപരമായി അധികാരം ഉണ്ടോ എന്ന വിഷയത്തിൽ ആണ് നടന്നത്. പിന്നിൽ നിന്ന ജൂനിയർ രാഘവ് തൻഖയും ഇടത് ഭാഗത്ത് ഇരുന്ന രമേശ് ബാബുവും നൽകിയ രേഖകൾ വച്ച് ആയിരുന്നു സിബലിന്റെ വാദം. കേസ് നിയമപരമായ ചോദ്യത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നതിന് ശേഷം മൻമോഹൻ സിംഗിന്റെ കൊച്ച് മകൻ സീനിയർ ആയ കപിൽ സിബലിനോട് ഒന്നും പറഞ്ഞു കണ്ടില്ല. എന്നാൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞു കുഞ്ഞിന്റെ മകന് രാഷ്ട്രീയം പറയുമ്പോൾ മിണ്ടാതിരിക്കാൻ ആകുമോ?

ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രം ജഡ്ജിമാർക്ക് കൈമാറി കൊണ്ട് കപിൽ സിബൽ പറഞ്ഞത് ഇങ്ങനെ “എന്റെ ജീവിതത്തിൽ ഞാൻ ഇത് പോലെ ഒരു പൈശാചികം ആയ കൊലപാതകം കണ്ടിട്ടില്ല. നോക്കു എത്ര വെട്ടുകൾ ആണ് ആ ശരീരത്തിൽ”. ഇതിനിടയിൽ ചാണ്ടി ഉമ്മൻ ഷുഹൈബിന്റെ ശരീരത്തിൽ 41 വെട്ടുകൾ ആണ് ഉള്ളത് എന്ന് കപിൽ സിബലിനോട് പറയുന്നുണ്ടായിരുന്നു. ആദ്യം പറഞ്ഞത് ശബ്ദം കുറച്ച് ആണെങ്കിലും, രണ്ടാമത് പറഞ്ഞത് ശബ്ദം ഉയർത്തി. സിബൽ മാത്രം അല്ല ജസ്റ്റിസ് മാരായ എസ് എ ബോബ്‌ഡെയും, എൽ നാഗേശ്വർ റാവുവും 41 വെട്ട് എന്ന ചാണ്ടി ഉമ്മന്റെ ശബ്ദം കേട്ടു. സിബൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു “പൈശാചികം”.

ഏറ്റവും ഒടുവിൽ കേസ് ജൂലൈ മാസത്തിൽ കേൾക്കാം എന്ന് പറഞ്ഞ് ജസ്റ്റിസ് ബോബ് ഡെ മാറ്റി വയ്ച്ചപ്പോളും കൃത്യമായ തീയ്യതി വേണം എന്ന് കോടതിയോട് ആവശ്യപ്പെടാൻ കപിൽ സിബലിനോട് അഭ്യർത്ഥിച്ചതും ചാണ്ടി ഉമ്മൻ ആയിരുന്നു. ഇതൊക്കെ നടക്കുമ്പോൾ കെ സുധാകരൻ കോൺഗ്രസ് നേതാക്കൾ ആയ കെ എൻ ജയരാജനും അനിൽ തയ്യിലിനും ഒപ്പം ഇടത് ഭാഗത്തെ പിൻനിരയിൽ നിൽക്കുക ആയിരുന്നു. ഈ കേസിൽ കോൺഗ്രസ്സിന് വേണ്ടി ഏറ്റവും കൂടുതൽ പ്രയത്‌നിച്ച ആസഫ് അലിയും ഇതിനൊക്കെ സാക്ഷി ആയി കോടതിയിൽ ഉണ്ടായിരുന്നു.

ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചാൽ അത് ഏകപക്ഷീയം ആയി പോകും. സംസ്ഥാന സർക്കാരിന് വേണ്ടി ഇന്ന് ഹാജർ ആയത് മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ. സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഹൈകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് വേണ്ടി ഹാജർ ആയത് രഞ്ജിത്ത് കുമാർ ആണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജർ ആയത് കപിൽ സിബലും. ചുരുക്കി പറഞ്ഞാൽ സീനിയർ അഭിഭാഷകരുടെ ആ കോമ്പിനേഷൻ ആണ് ഷുഹൈബ് കേസിലും സുപ്രീം കോടതിയിൽ ഉണ്ടായത്. കേസിന്റെ നടപടികൾ വീക്ഷിക്കാനായി ഹൈകോടതിയിൽ നിന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ മാരായ നാരായണനും സുമൻ ചക്രബർത്തിയും ഇന്ന് സുപ്രീം കോടതിയിൽ ഉണ്ടായിരുന്നു.

സർക്കാരും സി പി എമ്മും, കോൺഗ്രസ്സും ഒക്കെ അതിനിർണ്ണായകം എന്ന് കരുതുന്ന ഈ കേസിൽ എല്ലാവരുടെയും മുഖത്ത് കണ്ട ടെൻഷൻ ഒരാളിൽ മാത്രം കണ്ടില്ല. അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് നിറുത്താം. മറ്റ് ആരുമല്ല അത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശ്. പ്രകാശ് സാറിനോട് അസൂയ തോന്നുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണ്. എല്ലാവരും ടെൻഷൻ കാണിക്കുമ്പോഴും ആ മുഖം എപ്പോഴും സൗമ്യം ആയിരിക്കും.

കേസിന്റെ അന്തിമ വിധിയിൽ ഒരു ഭാഗം ജയിക്കും, മറു ഭാഗം തോൽക്കും. ആര് ജയിച്ചാലും ആര് തോറ്റാലും, ഈ കേസിൽ രണ്ട് വിഭാഗത്തിനും ഒരു കാര്യം അവകാശപ്പെടാം. പൊരുതിയാണ് തോറ്റത്.

(പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായരുടെ എഫ് ബി കുറിപ്പ്)