കേരള ക്രിസ്റ്റ്യന്‍ അഡള്‍ട്ട് ഹോംസ് റിസീവര്‍ ഭരണത്തില്‍ ;തോമസ് കൂവള്ളൂര്‍ പുതിയപ്രസിഡന്റ് 

ഫിലിപ്പ് മാരേട്ട്
ന്യൂയോര്‍ക്ക്: ടെക്‌സാസിലെ റോയിസ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കേരള ക്രിസ്റ്റ്യന്‍ അഡള്‍ട്ട് ഹോംസ് (കെ.സി.എ.എച്ച്) എന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്നു വയോധികരായ അംഗങ്ങളുടെ പരാതി പ്രകാരം ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ഓഹരി ഉടമകളുടെ പണം നഷ്ടപ്പെടാതെ അവര്‍ക്കുതന്നെതിരികെ ലഭിക്കുന്നതിനുമായി 2018 ഏപ്രില്‍ 12ന് കോടതിയുടെ ഉത്തരവ് അനുസരിച്ച് റിസീവര്‍ ഭരണമേറ്റെടുത്തു. 2017 ഡിസംബര്‍ രണ്ടിന് റോയിസ് സിറ്റിയില്‍ നടത്തിയ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 150ല്‍ 104 അംഗങ്ങളുടെ പിന്തുണയോടെ തോമസ് കൂവള്ളൂര്‍ പ്രസിഡന്റായുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കമ്പനിയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയത്.
2000 ന്റെ തുടക്കത്തില്‍ ന്യുജേഴ്‌സി, ന്യൂയോര്‍ക്ക് സ്‌റ്റേറ്റുകളില്‍ താമസിച്ചിരുന്ന ആദ്യകാല അമേരിക്കന്‍ മലയാളി ക്രൈസ്തവരെ ഒരു പ്രാര്‍ഥനാഗ്രൂപ്പിലേക്കു ക്ഷണിച്ചുവരുത്തി അവിടെനിന്നുമാണ് കേരള ക്രിസ്റ്റ്യന്‍ അഡള്‍ട്ട് ഹോംസിന്റെ തുടക്കം. തുടര്‍ന്ന് 25000 ഡോളര്‍വീതം 150 അംഗങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ സംഘാടകര്‍ക്കു കഴിഞ്ഞു. ബൈബിളിനെ ആധാരമാക്കിയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുന്നോടുള്ള പ്രയാണം. 2004 ല്‍ 150 അംഗങ്ങളില്‍നിന്നായി പിരിച്ചെടുത്തത് മുപ്പത്തിയേഴരലക്ഷം ഡോളറാണ്. ഒരുലക്ഷം ഷെയര്‍ ഭാവിയില്‍ ഇറക്കത്തക്കവിധത്തില്‍ വലിയൊരു ഇന്‍കോര്‍പ്പറേഷനായി തുടങ്ങിയ പ്രസ്ഥാനം താമസിക്കാതെ ടെക്‌സസിലെ റോയിസ് സിറ്റിയില്‍ 430 ഏക്കര്‍ മനോഹരമായ സ്ഥലം യാതൊരുബാധ്യതയുമില്ലാതെ രൊക്കം പണം കൊടുത്ത് വാങ്ങി. ബാക്കിവന്ന 10 ലക്ഷത്തിലധികം ഡോളര്‍ പലിശകിട്ടത്തക്കവിധത്തില്‍ബാങ്കിലുമിട്ടു.
തുടക്കത്തില്‍ കന്നുകാലികളെ മേയ്ക്കാന്‍ പാട്ടത്തിനു കൊടുത്തതോടെ വരുമാനം കൂടിത്തുടങ്ങി. പുല്ലിനു വരെ ലാഭം കിട്ടുന്ന നാടാണ് അമേരിക്കയെന്ന് ഓര്‍ക്കണം. പ്രസ്തുത സ്ഥലത്ത് 700 ഓളം വീടുകള്‍ വയ്ക്കുന്നതിനുള്ള അതിബൃഹത്തായ പ്ലാന്‍ തയാറാക്കി സിറ്റിയില്‍നിന്നും അനുമതിയും വാങ്ങി. വീടുകളോടൊപ്പം പ്രായമായവര്‍ക്കുവേണ്ടി ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന കഫെറ്റേരിയ, അതും കേരള മോഡലില്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ വാഗ്ദാനം ചെയ്തു. ഇവയ്‌ക്കെല്ലാം പുറമേ എല്ലാവിധ സൗകര്യത്തോടും കൂടിയ ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഹോം തിയറ്റര്‍, ഗിഫ്റ്റ് ഷോപ്പ്, ലൈബ്രറി, ഹെര്‍ബല്‍ മസാജ് പാര്‍ലര്‍, ഔട്ട് ഡോര്‍ സ്വിമ്മിംഗ് പൂള്‍, ജോഗിംഗ് ട്രാക്‌സ്, പാര്‍ക്കുകള്‍, രോഗികളെ ശുശ്രൂഷിക്കാന്‍ ക്ലിനിക്ക്, ആംബുലന്‍സ് സര്‍വീസ്, ഗസ്റ്റ് ഹൗസ്, ബാങ്ക്വറ്റ് ഹാള്‍, റീട്ടെയില്‍ ഷോപ്പിംഗ് സെന്റര്‍, പ്രായമായവര്‍ക്കുവേണ്ടി അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റി എല്ലാത്തിനും പുറമേ നഴ്‌സിംഗ് ഹോം. ഇത്രയും ആധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തപ്പോള്‍ പ്രായമായ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും നഴ്‌സുമാരും പ്രസ്ഥാനത്തില്‍ ധൈര്യമായി പണം മുടക്കിയതില്‍ അത്ഭുതപ്പെടാനില്ലല്ലോ. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഒരു ഷെയറിനുപോലും കേരള ക്രിസ്റ്റ്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഷെയറിന്റെ വില ഇല്ലായിരുന്നുവെന്ന് ഓര്‍ക്കണം. അതേ സമയം, ഇന്ന് മര്‍ഡോക്കിന്റെ ഒരു ഷെയറിന്റെ വില മൂന്നുലക്ഷം ഡോളറായി വര്‍ധിച്ചു. പല അംഗങ്ങളും റിട്ടയര്‍മെന്റ് ആകുമ്പോഴേയ്ക്കും ഷെയറിന്റെ വില പത്തിരട്ടിയാകുമെന്നാണ് കരുതിയെങ്കില്‍ അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കാരണം അത്രമാത്രം സൗകര്യങ്ങളാണ് പരസ്യങ്ങളിലൂടെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. വൈദിക ശ്രേഷ്ഠന്‍മാരാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് എന്നോര്‍ക്കണം. അക്കാരണത്താല്‍തന്നെ ആരും കള്ളം പറയുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും ഇപ്പോഴത്തെ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ പറയുന്നു.
യാക്കോബായ സഭയിലെ അറിയപ്പെട്ട വൈദിക ശ്രേഷ്ഠനായ റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കിയ ഈ പ്രസ്ഥാനം കേരളത്തിലെ ലുലുമാളിനേക്കാള്‍ വലിയൊരു പ്രസ്ഥാനമായി മാറുമെന്ന് മലയാളികളായ ക്രൈസ്തവ  വിശ്വാസികള്‍ കരുതിയിരുന്നു. പക്ഷേ, പദ്ധതികള്‍ വിഭാവനം ചെയ്യുന്നത് മനുഷ്യരാണെങ്കിലും അന്തിമ തീരുമാനം ദൈവത്തിന്റേതാണെന്നുള്ള ബൈബിള്‍ വചനം ഇവിടെ നിറവേറ്റിയെന്നു പറയാം. 2008 ല്‍ വീടുകള്‍ പൂര്‍ത്തീകരിക്കുമെന്നു കരുതിയിരുന്നവരെല്ലാം നിരാശരായി. ഒരു വീടുപോലും പൂര്‍ത്തീകരിക്കാന്‍ ഭാരവാഹികള്‍ക്കു കഴിഞ്ഞില്ല.
2011 വരെ നഷ്ടമൊന്നുമില്ലാതെ പോയ പ്രസ്ഥാനം പുതിയ ബോര്‍ഡ് അംഗങ്ങളുടെ വരവോടെ മറ്റൊരുദിശയിലേക്കു നീങ്ങിയതായി തോമസ് കൂവള്ളൂര്‍ പറയുന്നു. തുടക്കത്തിലെ ഇന്‍കോര്‍പറേഷന്‍ ആയിരുന്നത് പിന്നീട് ലിമിറ്റഡ് പാര്‍ട്ട്ണര്‍ഷിപ്പാക്കി മാറ്റി. പിന്നീട് ലിമിറ്റഡ് ലയബിലിറ്റി കമ്പനിയും ഏറ്റവുമൊടുവില്‍ പണം മുടക്കിയ അംഗങ്ങളോടുപോലും ചോദിക്കാതെ അവരുടെ അനുമതികൂടാതെ ഏകാധിപതിയെപ്പോലെ അന്നത്തെ പ്രസിഡന്റും അദ്ദേഹത്തിന്റെ ചില ഉപദേശകരും ചേര്‍ന്ന് മൊത്തം വസ്തുവും പണയം വച്ച് വ്യക്തികളില്‍നിന്ന് പണം കടമെടുത്തതായി മനസിലാക്കാന്‍ കഴിഞ്ഞു. അതോടുകൂടി 2012 മുതല്‍ ഓരോ അംഗങ്ങളുടെയും ഷെയറിന്റെ തുക കുത്തനെ താഴോട്ടു പോയിക്കൊണ്ടിരിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചു. ഇതിനെ ചോദ്യം ചെയ്തവരോട് അവര്‍ മുടക്കിയിരിക്കുന്നത് സ്‌റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള ഷെയറിലാണെന്നും ഷെയറിന്റെ വില മൈനസായി പോയെന്നും ഓരോ ഷെയര്‍ഹോള്‍ഡറും 5000 ഡോളര്‍ കൊടുക്കുകയാണെങ്കില്‍ മാത്രമേ അവരുടെ അംഗത്വം നിലനില്‍ക്കുകയുള്ളുവെന്നും സ്വന്തം പേരില്‍ ഭൂമികൈവശമാക്കിയവര്‍ തുറന്നടിച്ചു. അങ്ങനെയാണ് 2017 ജൂണ്‍മുതല്‍ പ്രസ്ഥാനത്തിന്റെ ചുക്കാന്‍പിടിക്കുന്നവരെ മാറ്റി പുതിയൊരു ഭരണസമിതിയെ തെരഞ്ഞെടുത്ത് ഈ പ്രസ്ഥാനത്തെ രക്ഷിക്കാനുള്ളശ്രമം ആരംഭിച്ചത്. കമ്പനിയില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ മനസിലാക്കിയതോടെ അംഗങ്ങള്‍ പുതിയ നേതൃത്വത്തിന് പിന്തുണ നല്‍കി. അങ്ങനെയാണ് 2017 ഡിസംബര്‍ രണ്ടിനു വിളിച്ചുകൂട്ടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തന്റെ നേതൃത്വത്തിലുളള പുതിയ ഭരണസമിതി നിലവില്‍വന്നതെന്നു തോമസ് കൂവള്ളൂര്‍ പറഞ്ഞു.
ഒരുലക്ഷം ഷെയറുകള്‍ ഇറക്കത്തക്കവിധത്തില്‍ തുടക്കത്തില്‍ വിഭാവനം ചെയ്ത കമ്പനി എന്തുകൊണ്ട് 150 ലേക്ക് ചുരുക്കി കളഞ്ഞു?, പണം കടമെടുക്കാന്‍ പോകാതെ കുറെക്കൂടി ഷെയറുകള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പണത്തിന്റെ ദൗര്‍ലഭ്യം മാറിക്കിട്ടുകയില്ലായിരുന്നോ?. 8 ശതമാനം പലിശയ്ക്കു പണം കടമെടുത്ത് 15 ഓളം വരുന്നവര്‍ക്കായി വീടുകള്‍ പണിയാനുളള തീരുമാനം ആരുടേതാണ്?. വസ്തു ഈട് വച്ച് പണം എടുക്കാന്‍ ആരാണ് ഉത്തരവാദികള്‍?, പണം കടമെടുത്ത് വീടുപണിയാന്‍ ഭൂരിപക്ഷം വരുന്ന ഷെയര്‍ ഹോള്‍ഡര്‍മാര്‍ അനുമതി നല്‍കിയിരുന്നോ?. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പഴയ നേതൃത്വം മറുപടിപറയേണ്ടിവരും.
വൃദ്ധജനങ്ങളില്‍നിന്നും സമാഹരിച്ച പണം ദുര്‍വിനിയോഗം ചെയ്താല്‍ അത് അമേരിക്കയില്‍ ഗൗരവമേറിയ കുറ്റമാണ്. വസ്തു ഈട് വച്ച് മറ്റുള്ളവരില്‍നിന്നും പണം വാങ്ങണമെങ്കില്‍ നിയമപ്രകാരം 150 അംഗങ്ങളെയും അറിയിച്ച് അവരുടെ സമ്മതപത്രം വാങ്ങേണ്ടതാണ്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളേയും അറിയിക്കാതെയാണ് പണമിടപാടുകളും ഭൂമികൈമാറ്റങ്ങളും നടന്നത്. അവയെല്ലാം നിയമപരമായിട്ടാണോ നടത്തിയിരിക്കുന്നതെന്നുകണ്ടുപിടിക്കുകയെന്നതും റിസീവറിന്റെ ഉത്തരവാദിത്വത്തില്‍പ്പെടുന്നു.
150 പേരുടെ പണം കൊണ്ട് രൊക്കം കാശുകൊടുത്ത് യാതൊരു ബാദ്ധ്യതയുമില്ലാതെ വാങ്ങിയ സ്ഥലം 150 അംഗങ്ങളുടെയും സമ്മതമില്ലാതെ കൈമാറ്റം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും പണം മുടക്കി സ്ഥലം വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ കൊടുത്തവരോടുതന്നെ  അവര്‍ പണം വാങ്ങേണ്ടതാണെന്നും തോമസ് കൂവള്ളൂര്‍ പറഞ്ഞു.
വസ്തുവില്‍ മൊത്തം 17 വീടുകള്‍മാത്രമേവച്ചിട്ടുള്ളു. അതിനു പുറമേ 21 വീടുകള്‍വയ്ക്കാനുള്ള സ്ഥലം ഏതാനും ചില വ്യക്തികളുടെ പേരില്‍ ഏഴുതിക്കൊടുത്തിട്ടുണ്ടെന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരില്‍തന്നെ നാലുവീടുകള്‍ വയ്ക്കാനുള്ള സ്ഥലം വരെ എഴുതിക്കൊടുത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വീടുകള്‍ കൈവശം വച്ചിരിക്കുന്നവരിലധികവും തുടക്കം മുതല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരും അതിന്റെ സൂത്രധാരന്‍മാരുമാണെന്നു കാണാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഒരു പ്ലോട്ടിന്റെ വില വീടുവയ്ക്കാനുളളവര്‍ക്കു കൊടുക്കുന്നതിനു മുമ്പ് വിലനിര്‍ണയം നടത്തിയത് ഒരുലക്ഷത്തിപതിനയ്യായിരം ഡോളറായിരുന്നു. പിന്നീട് ചില ഡയറക്ടര്‍മാര്‍ക്ക് പ്രസ്തുത പ്ലോട്ട് വളരെ വിലകുറച്ചു കൊടുത്തതായും കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്. മൊത്തം ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ചിലവുകൂട്ടി പ്ലോട്ടും വീടും ഒന്നിച്ചേ കൊടുക്കാവൂ എന്നുള്ളതായിരുന്നു കമ്പനിയുടെ തീരുമാനം.  ആ തീരുമാനം ആരുമാറ്റി. 700 വീടുവയ്‌ക്കേണ്ടിയിടത്ത് 17 വീടുകള്‍വച്ചാല്‍ ഓരോ വീടിന്റെയും വില എങ്ങനെ കണക്കാക്കും. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാതെ ഏതാനും ചിലരുടെമാത്രം സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ നീതിക്കു നിരക്കുന്നതല്ലെന്നും തോമസ് കൂവള്ളൂര്‍ പറഞ്ഞു.
പ്രായമായവര്‍ക്കു നീതിലഭിക്കണം. അവര്‍ കഷ്ടപ്പെട്ടു സമ്പാദിച്ച് കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്ന പണം നഷ്ടപ്പെടാതെ അവര്‍ക്കുതന്നെ തിരിച്ചുകൊടുക്കണം. പ്രായമായ നമ്മുടെ ജനങ്ങളോടു അനീതി പ്രവര്‍ത്തിച്ചാല്‍ അത്തരക്കാര്‍ക്ക് ഇഹലോഹത്തിലും പരലോകത്തിലും രക്ഷ ഉണ്ടാകില്ല എന്ന പൊതുനിയമം ഇതിന് ഉത്തരവാദികളായവര്‍ മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷേ, നിയമത്തിന്റെ കരാളഹസ്തത്തില്‍നിന്നും രക്ഷപെടാന്‍ മാര്‍ഗങ്ങളുണ്ട്. അതല്ല എതിരിട്ടാല്‍ രക്ഷപെടാമെന്നും തോന്നുന്നില്ല. കാരണം അമേരിക്കയില്‍ പ്രായമായവരുടെ പണത്തിന് കൂടുതല്‍ സംരക്ഷണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുമെന്നതു തന്നെ കാരണമെന്നും തോമസ് കൂവള്ളൂര്‍ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ പിന്തുണുള്ളതിനാല്‍ നീതിലഭിക്കുവരെ പോരാടാനാണ് ജസിറ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍കൂടിയായ തോമസ് കൂവള്ളൂരിന്റെ ഉറച്ചതീരുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ അറിയാന്‍: തോമസ് കൂവള്ളൂര്‍ tjkoovalloor@live.com, ഫോണ്‍: 914-409-5772.