ശബരിമലയില്‍ ഹിന്ദുക്കളെ പോരടിക്കാന്‍വിട്ട് മിസ്റ്റര്‍ പരിപൂര്‍ണന്‍, നിങ്ങള്‍ നരകത്തിലിരുന്നു ചിരിച്ചോളൂ

മനോജ് മനയിൽ
കേരളത്തെ സംബന്ധിച്ച് 1991 ഏപ്രില്‍ 5 ഒരു നരകദിനമായിരുന്നു. കുശാഗ്രബുദ്ധിയായൊരു പട്ടരുടെ വികലമായ യാഥാസ്ഥിതിക ബുദ്ധിയില്‍ കേരളത്തിന് തീരാകളങ്കം വരുത്തിവച്ച ദിനം. കെ.എസ്. പരിപൂര്‍ണന്‍ എന്ന ജഡ്ജി മലയാളികളുടെ സ്വസ്ഥതയേയും സമാധാനത്തേയും കടലിലൊഴുക്കിക്കളഞ്ഞ വിധി പ്രസ്താവിച്ചത് അന്നായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ആ വിധിന്യായം. താഴമണ്‍കുടുംബത്തിലെ തന്ത്രിമാരോട് അശ്ലീലമായ ദാസ്യംപുലര്‍ത്തി, മലയാളത്തിന്റെ ആണിനും പെണ്ണിനും അവകാശമുണ്ടായിരുന്ന ശബരിമലയെ നികൃഷ്ടമായി വീതംവെക്കുകയും ഊര്‍ജസ്വലകളായ യുവതികളെ മാറ്റിനിര്‍ത്തുകയും ചെയ്ത അശനിപാതത്തിന്റെ ദുരന്തവിധിദിനം. സ്വന്തം അനപത്യദുഃഖം ധാര്‍ഷ്ട്യമാക്കിമാറ്റി, കോടതിയിലെ പരുക്കന്‍ കസേരയിലിരുന്നു കെ.എസ്. പരിപൂര്‍ണന്‍ ഹിന്ദുസമാജത്തിന്റെ മുഖത്ത് ആട്ടിത്തുപ്പിയ ദിനം. കേരളത്തിലെ ഓരോ ഹിന്ദുവും 1991 ഏപ്രില്‍ 5 മറന്നുപോകരുത്. ശബരിമലയെ ചുട്ടുപൊട്ടിച്ച മറ്റൊരുദിനം.

വിവാദങ്ങളുടെ തുടക്കം
——–
ചങ്ങനാശ്ശേരി, പെരുന്നയിലെ കെ.പി.എസ്. ഭവനിലെ എസ് മഹേന്ദ്രന്‍ എന്നൊരാള്‍ 1990 സപ്തംബര്‍ മാസം ഹൈക്കോടതിയിലേക്കൊരു പരാതി അയയ്ക്കുന്നു. ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഐപികളുടെ ഭാര്യമാര്‍ക്ക് സന്നിധാനത്ത് പ്രത്യേക പരിഗണ നല്‍കുന്നതും പരാതിയില്‍ അയാള്‍ എടുത്തുപറഞ്ഞു. മുന്‍ ദേവസ്വം കമ്മീഷണര്‍ എസ്. ചന്ദ്രിക എന്ന സ്ത്രീയുടെ കൊച്ചുമകളുടെ ചോറൂണ്‍ ശബരിമല സന്നിധാനത്തുവച്ചു നടത്തിയ ഫോട്ടോഗ്രാഫായിരുന്നു തന്റെ പരാതിക്ക് മഹേന്ദ്രന്‍ തെളിവായി നല്‍കിയത്. ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത് 1990 ആഗസ്ത് 19-ാംതീയതിയിലെ ജന്മഭൂമി പത്രത്തിലുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികളെടുക്കണമെന്നും മഹേന്ദ്രന്റെ പരാതിയിലുണ്ടായിരുന്നു.

പരിപൂര്‍ണന്റെ പരാക്രമം
———
1990 സപ്തംബര്‍ 24-ാംതീയതിക്കു മുമ്പായിരുന്നു മഹേന്ദ്രന്റെ പരാതി ഹൈക്കോടതിയില്‍ എത്തിയത്. അന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന കെ.എസ്. പരിപൂര്‍ണന്‍ ഇതിനെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഒരു പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കുകയും(ആര്‍ട്ടിക്കിള്‍ 226ന്റെ അധികവായനയ്ക്ക്: https://indiankanoon.org/doc/1712542/)1990 ഒക്ടോബര്‍ മൂന്നിന് കോടതിയില്‍ ഹാജരാകുന്നതിനായി പരാതിക്കാരന്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എസ്. ചന്ദ്രിക, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന ഉപദേഷ്ടാവ് പി. ബാലഗംഗധാര മേനോനെ നിയമിച്ചു. പരാതിക്കാരന് വേണ്ടി ഹാജരാകാനും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, എസ്. ചന്ദ്രിക, മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, കേരള സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. അങ്ങനെ പരിപൂര്‍ണന്റെ പരാക്രമം തുടങ്ങുകയായിരുന്നു.

അയ്യപ്പന്‍ അപ്രത്യക്ഷനാകുമോ?
————–
യുവതീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന വാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനുവേണ്ടി ഹാജരായത് പ്രശസ്ത അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ആയിരുന്നു. യുവതീപ്രവേശനം വേണ്ടെന്നതായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇതിനെ വിശദീകരിക്കുന്നതിനിടയില്‍ ജഡ്ജിമാര്‍ അഭിഷേക് സിംഗ്‌വിയെ, 1990ല്‍ മഹേന്ദ്രന്‍ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം ഓര്‍മിപ്പിച്ചതും വക്കീലിനെ കണക്കറ്റ് കളിയാക്കിയതും(‘അയ്യപ്പന്‍ അപ്രത്യക്ഷനാകുമോ?’)വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.(അധികവായനയ്ക്ക്: (http://www.livelaw.in/sabarimala-day-4-supposed-inability-…/).

ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം
—————–
സുപ്രീംകോടതിയില്‍ അഭിഷേക് സിംഗ്‌വി എന്ന വക്കീലിനെ ജഡ്ജിമാര്‍ ഓര്‍മിപ്പിച്ച മഹേന്ദ്രന്‍ കേസിലെ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം എന്തായിരുന്നു? ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലം മലയാളം വായിക്കാനറിയാവുന്ന ഹിന്ദുക്കള്‍ മൊത്തം വായിച്ചിരിക്കണം. കാരണം ആ സത്യവാങ്മൂലം ശബരിമലയെക്കുറിച്ച് നാം ഇപ്പോള്‍ കേള്‍ക്കുന്ന വ്യാജമായ കഥകളില്‍നിന്നും നമ്മെ യാഥാര്‍ത്ഥ്യത്തിന്റെ പമ്പാസരസ്തടത്തിലേക്കു കൈപിടിച്ചാനയിക്കുന്നതാണ്. ദേവസ്വം ബോര്‍ഡ് പറയുന്നു:
1. 1950ലെ അഗ്നിബാധക്കുശേഷമാണ് അന്നുവരെ നടന്നുവന്നിരുന്ന ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം മാറ്റിയത്. അവസാനത്തെ തീപ്പിടുത്തത്തെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിത് നടതുറന്നത് ഈ വര്‍ഷമായിരുന്നു.

2. 1969 ആയതോടെ ശബരിമലയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. ആദ്യം കൊടിമരം സ്ഥാപിച്ചു. പിന്നീട് പടിപൂജ തുടങ്ങി. പതിനെട്ടാം പടിയില്‍ നാളികേരം ഉടയ്ക്കുന്നത് മാറ്റി. പകരം പതിനെട്ടാം പടിയ്ക്കുതാഴെ ഉടയ്ക്കുക എന്ന ആചാരം നടപ്പില്‍ വരുത്തി. ഇതെല്ലാം തന്ത്രിയുടെ തീരുമാനങ്ങളായിരുന്നു.

3. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍, അമ്മ ജൂനിയര്‍ മഹാറാണി സേതു പാര്‍വതീബായ്, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ എന്നിവര്‍ കൊല്ലവര്‍ഷം 1115ല്‍ (ക്രിസ്തുവര്‍ഷം 1940ല്‍) ശബരിമലയില്‍ ദര്‍ശനം നടത്തി. അക്കാലത്ത് ചിത്തിരതിരുനളിന് 28 വയസ്സാണ് പ്രായം. അമ്മ മഹാറാണി സേതുപാര്‍വതീബായിക്ക്(ജനനം 1896 നവംബര്‍ 7) 44 വയസ്സും!

4. ഇക്കാലം പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല.

5. 1970 മുതല്‍ മലയാളമാസം ഒന്നുമുതല്‍ 5വരെ എല്ലാമാസവും നടതുറന്നിരുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

5. മണ്ഡലം, മകരവിളക്ക്, വിഷു കാലങ്ങളില്‍ പത്തിനും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

പ്രത്യേകം ശ്രദ്ധിക്കുക, 1970 മുതല്‍ക്ക് മണ്ഡലം, മകരവിളക്ക്, വിഷു ഉല്‍സവങ്ങളൊഴിച്ച് ബാക്കി എല്ലാ മലയാളമാസം ആദ്യത്തെ 5 ദിവസങ്ങളിലും പ്രായഭേദമെന്യേ ശബരിമല സന്നിധാനത്ത് പ്രവേശിച്ച് അയ്യപ്പനെ തൊഴുതിരുന്നു. ഈ കാര്യങ്ങളൊക്കെ ഇന്ന് തമസ്‌കരിക്കപ്പെടുകയോ, ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നു.

ചന്ദ്രികയുടെ കഥ
================
മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയെയാണ് മഹേന്ദ്രന്‍ ഈ കേസിലെ വില്ലത്തിയായി ചിത്രീകരിച്ച് പരാതി അയച്ചത്. ആ പാവപ്പെട്ട സ്ത്രീയെ അപമാനിച്ചതിനു പരാതിക്കാരനേയും ജഡ്ജിയേയും പാരത്രിക ജീവിതത്തില്‍പ്പോലും അയ്യപ്പന്‍ വെറുതെ വിടുമെന്നു തോന്നുന്നില്ല. പരിപൂര്‍ണന്‍ എന്തായാലും അനപത്യ ദുഃഖം കാരണം പുംനരകത്തിലായിരിക്കുമെന്നതിന് സംശയവുമില്ല. (മക്കളില്ലാതെ മരിക്കുന്നവര്‍ പുംനരകത്തില്‍ പതിക്കുമെന്നു ശാസ്ത്രം). 1984ലാണ് ചന്ദ്രികയുടെ മകളുടെ വിവാഹം കഴിഞ്ഞതു. വര്‍ഷങ്ങള്‍ പോയിട്ടും ആ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായില്ല. ഏതൊരു ഹിന്ദു അമ്മയേയുംപോലെ ചന്ദ്രികയും ഒരു നേര്‍ച്ച നേര്‍ന്നു.
‘അയ്യപ്പാ, എന്റെ മകള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ നിന്റെ നടയിലിരുത്തി ചോറു കൊടുക്കാം.’
ഏതുപ്രായത്തിലുള്ള സ്ത്രീകളേയും അനുഗ്രഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അയ്യപ്പന് ഈ സാധ്വിയുടെ വേദന കാണാതിരിക്കാന്‍ കഴിയുമോ? സന്തതിയും സമ്പത്തും അരുളി ശബരിമലയിലിരിക്കുന്ന അയ്യപ്പന്റെ കാരുണ്യംകൊണ്ടൊന്നുമാത്രം ചന്ദ്രികയുടെ മകള്‍ ഗര്‍ഭിണിയാവുകയും കുഞ്ഞുപിറക്കുകയും ചെയ്തു. ആ കുഞ്ഞിന്റെ ചോറൂണാണ് നാം ആദ്യം കണ്ട 1990 ആഗസ്ത് 18-ാം തീയതി ശബരിമലയില്‍ നടന്നത്.
ചന്ദ്രിക തന്റെ പേരക്കുട്ടിയുടെ ചോറൂണ്‍ ശബരിമലയില്‍ നടത്താമെന്നു പറഞ്ഞത്, അക്കാലത്ത് മലയാളമാസാദ്യത്തിലെ നടതുറപ്പില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിക്കുകയും ചോറൂണ്‍ മുതലായ വഴിപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു തെളിവായി ചന്ദ്രിക ദേവസ്വം ഭക്തര്‍ക്കു നല്‍കിയ നിരവധി വഴിവാട് രസീതുകള്‍ കോടതിയില്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. താന്‍ വഴിവാട് കഴിച്ചതിന്റെ രസീതിയും വിഐപി എന്ന നിലയില്‍ യാതൊരുവിധ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ സത്യമാങ്മൂലം നല്‍കി.

എന്തുകൊണ്ട് മാസാദ്യം?
=========================
ശബരിമലയിലെ മാസാദ്യനടതുറപ്പില്‍ 41 ദിവസത്തെ വ്രതനിഷ്ഠ വേണ്ട എന്നുള്ളതുകൊണ്ടാണ് പ്രായഭേദമെന്യേ സ്ത്രീകള്‍ വന്നുകൊണ്ടിരുന്നത്. ഇരുമുടിക്കെട്ടില്ലാത്തവര്‍ സാധാരണയായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ ഗേറ്റുവഴി സന്നിധാനത്തിലെത്തി അയ്യപ്പനെ കാണുക പതിവുമായിരുന്നു. ഇതില്‍ ഏറിയകൂറും സ്ത്രീകളുമായിരുന്നു. എന്നാല്‍ മണ്ഡലം, മകരവിളക്ക്, വിഷു എന്നീ ആഘോഷദിവസങ്ങളില്‍ 10നും 50നും ഇടയിലുള്ള യുവതികളെ പ്രവേശിപ്പിച്ചിരുന്നില്ല. നോക്കുക, വര്‍ഷത്തിലെ 12 മാസത്തില്‍ മണ്ഡലകാലമായ വൃശ്ചികം, മകരവിളക്കുള്ള മകരം, വിഷുവിന്റെ മേടം എന്നീ മലയാളമാസങ്ങളൊഴിച്ച് 45 ദിവസങ്ങളില്‍ ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു. യുവതികളുടെ ഈയൊരു ഭാഗ്യത്തെയാണ് പരിപൂര്‍ണന്‍ കടപുഴക്കിയെറിഞ്ഞത്.

യുവതീ പ്രവേശനം നിരോധിക്കുന്നു
=================================
ദേവസ്വം ബോര്‍ഡും എസ്. ചന്ദ്രികയും സംസ്ഥാന ചീഫ് സെക്രട്ടറിയും ശബരിമലയിലെ ആചാരരീതികളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടും യാഥാസ്ഥിതികനായ പട്ടരുടെ മുഷ്‌കും ധാര്‍ഷ്ട്യവും അയഞ്ഞില്ല. തന്റെ ശരീരത്തിലെ ദുര്‍മേദസ്സില്‍നിന്നും പുറത്തുവന്ന ദുഷിപ്പുമുഴുവന്‍ അദ്ദേഹം പ്രയോഗിച്ചത് പാവപ്പെട്ട സ്ത്രീകളുടെ നെഞ്ചത്തായിരുന്നു. ആര്‍ത്തവത്തോട് അദ്ദേഹത്തിന് വെറുപ്പുണ്ടായിരിക്കാനും സാധ്യതയുണ്ട്. മനസ്സാക്ഷിക്കുത്തില്ലാതെ വിധിന്യായത്തില്‍ അദ്ദേഹം ബാലനാരായണ മാരാരെക്കൊണ്ട് എഴുതിച്ചു:
‘വര്‍ഷത്തിലേതെങ്കിലും ഒരു സമയത്തുപോലും ശബരിമലയില്‍ 10നും 50നും ഇടയിലുള്ള സ്ത്രീകളെ ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്.’
ഈ വിധി വന്നത് 1991 ഏപ്രില്‍ അഞ്ചിനായിരുന്നു. അതോടെ കേരളത്തിന്റെ ഹിന്ദു സാംസ്‌കാരിക മനസ്സില്‍ ആഗ്നേയശൂലങ്ങള്‍ പതിക്കുകയായിരുന്നു. ശബരിമലയെ നിലയ്ക്കാത്ത വിവാദങ്ങളിലേക്കു തള്ളിയിടുകയും ചെയ്തു.
പിന്നണിയില്‍ പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു കഥയും പങ്കുവെക്കട്ടെ. പരാതിക്കാരനായ മഹേന്ദ്രന്‍ പരിപൂര്‍ണന്റെ ബിനാമിയായിരുന്നത്രെ. അന്നു ശബരിമലയില്‍ നിന്നെടുത്ത ഫോട്ടോയും കരുതിക്കൂട്ടിയായിരുന്നു. മാസാദ്യം യുവതികള്‍ ശബരിമലയിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തില്‍ കരുതിക്കൂട്ടിയുള്ള ഒരു നാടകമായിരുന്നു ഈ പരാതിയും മറ്റും. താഴമണ്‍ കുടുംബത്തോട് പരിപൂര്‍ണന്റെ കടപ്പാടായിരുന്നത്രെ.
അങ്ങനെയെങ്കില്‍ കണ്ഠരര് ശോഭാജോണ്‍ മോഹനരെ എന്തുകൊണ്ടാണ് പരിപൂര്‍ണന്‍ കോടതിയില്‍വച്ച് പൊരിച്ചതെന്ന് ഈ സമയത്ത് സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഒരു സംശയം ഉയരുന്നുണ്ടാകാം. ശരിയാണ്. അന്നങ്ങനെ സംഭവിച്ചത്, പരിപൂര്‍ണന് സമൂഹത്തോടുള്ള കടപ്പാടുകൊണ്ടോ, ഹിന്ദു സമാജത്തോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ലായിരുന്നു. പ്രസിദ്ധമായ താഴമണ്‍ കുടുംബത്തില്‍ ഇതുപോലൊരു അസുരവിത്ത് പിറന്നുപോയല്ലോ എന്നുള്ള അവമതിയും നാണക്കേടുമായിരുന്നു ആ അപമാനിക്കലിന്റെ ഉദ്ദേശം. താഴമണ്ണിലെ വീട്ടുകാര്‍ക്കുവേണ്ടി പരിപൂര്‍ണന്‍ കോടതിയില്‍ ചെയ്തു. അത്രമാത്രം. ഈ ചെയ്ത്തുകളെല്ലാം ചെയ്ത് അങ്ങ് പുംനരകത്തില്‍ നിന്നു മിസ്റ്റര്‍ പരിപൂര്‍ണന്‍ ചിരിക്കുന്നുണ്ടാവും. എന്നാല്‍, പട്ടരേ, നിങ്ങളുടെ ആ ഒരൊറ്റ ചെയ്ത്തില്‍ ഇതാ കേരളത്തിലെ ഹിന്ദു സമാജം പരസ്പരം പോരടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. സമാജവൈകല്യം പരിപൂര്‍ണമാക്കിയ അങ്ങയുടെ പേര് നികൃഷ്ടതയുടെ വെണ്ണക്കല്ലില്‍ കൊത്തിവെക്കപ്പെടും. തീര്‍ച്ച.

ചിത്രങ്ങള്‍:
1. ജസ്റ്റിസ് പരിപൂര്‍ണന്‍.
2. 44-ാമത്തെ വയസ്സില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ചിത്തിരതിരുനാളിന്റെ മാതാവ് സേതു പാര്‍വതീ ബായി.