തമ്പി ആന്റണിയുടെ പുസ്തക പ്രകാശനം

നടനും കഥാകൃത്തും പ്രവാസിയുമായ തമ്പി ആന്റണിയുടെ പ്രഥമ കഥാ സമാഹാരം “വാസ്കോ ഡാ ഗാമ ” പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീനിവാസൻ പ്രകാശനം ചെയ്തു. കഥാകൃത്ത് അർഷാദ് ബത്തേരി പുസ്തകം ഏറ്റുവാങ്ങി.പ്രകാശന ചടങ്ങിൽ എഴുത്തുകാരൻ സേതു അദ്ധ്യക്ഷനായി.. ജോസ് പനച്ചിപ്പുറം പ്രകാശ് ബാര, മധു നായർ ന്യൂയോർക്ക് എന്നിവ൪. സംസാരിച്ചു.
എഴുത്തുകാരനുമായി വായനക്കാരൻ താദാത്മ്യം പ്രാപിക്കുമ്പോഴാണ് വായന സാർത്ഥകമാകുന്നതെന്ന് പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ശ്രീനിവാസൻ പറഞ്ഞു. പരന്ന വായന മനുഷ്യനെ ഹൃദയശുദ്ധിയുള്ളവനാക്കി മാറ്റുമെന്നും ശ്രീനിവാസൻ പറഞ്ഞു. മനുഷ്യനെക്കാളും വിലയുള്ള ജീവിയായി നായ മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് വാസ്കോഡ ഗാമ എന്ന നായയെയാണ് തമ്പി ആന്റണി ഈ കഥയിൽ പ്രധാന കഥാപാത്രമാക്കിയിരിക്കുകയാണെന്ന് നോവലിസ്റ്റ് സേതു പറഞ്ഞു.