കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളെന്ന് ഇടുക്കി മെത്രാന്‍

ഇടുക്കി: കുട്ടികളെ ജനിപ്പിയ്ക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ട് വരണമെന്ന് ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനി കുഴിക്കാട്ടിലിന്റെ ഇടയലേഖനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ഥരുമാണെന്ന് ക്രിസ്തുമസിന് മുന്നോടിയായി ഇറക്കുന്ന ഇടയലേഖനത്തില്‍ പറയുന്നു.

കാട്ടുപന്നികളോ തെരുവ് നായ്ക്കളെ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണ്. സ്ത്രീ‍യും പുരുഷനും പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിയ്ക്കാന്‍ ശ്രമിക്കണം.

സ്ഥിരമോ താത്ക്കാലികമായതോ ആയ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണമായ ജീവിതം ആയിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നു. സുഖ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിശ്വാസങ്ങള്‍ ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ട് വരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

നിങ്ങള്‍ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന ബൈബിള്‍ വചനം ചൂണ്ടിക്കാണിച്ചാണ് ഇടയലേഖനം സമാപിക്കുന്നത്.