EXCLUSIVE: ജേക്കബ് തോമസ് ന്യൂസ് മേക്കര്‍ അവാര്‍ഡ് വാങ്ങിയ വിവരം സര്‍ക്കാരില്‍ നിന്ന് മറച്ചുവെച്ചു

ജേക്കബ് തോമസ് അഖിലേന്ത്യ സര്‍വ്വീസ് റൂളിന്‍റെ നഗ്നമായ ലംഘനം നടത്തിയെന്ന് വിവരാവകാശ രേഖ

സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മലയാള മനോരമയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡ് വാങ്ങിയെന്ന് വിവരാവകാശ രേഖ 

25,000 രൂപയില്‍ കൂടുതലായി പാരിതോഷികം വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമമാണ് ജേക്കബ് തോമസ് ലംഘിച്ചത് 

അഖിലേന്ത്യ സര്‍വ്വീസ് റൂള്‍ ലംഘിച്ചതിന് സര്‍ക്കാരിന് ജേക്കബ് തോമസിനോട് വിശദീകരണം തേടേണ്ടിവരും 

-നിയാസ് കരീം- 

 

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അഖിലേന്ത്യ സര്‍വ്വീസ് റൂള്‍ ലംഘിച്ച് അവാര്‍ഡ് വാങ്ങിയത് വിവാദമാകുന്നു. ഇദ്ദേഹം സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മലയാള മനോരമ ഏര്‍പ്പെടുത്തിയ 2015 ന്യൂസ് മേക്കര്‍ അവാര്‍ഡ് വാങ്ങിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

‘ശ്രീ ജേക്കബ് തോമസ് ഐ.പി.എസ് മലയാള മനോരമ ന്യൂസ് ചാനല്‍ 2015 ല്‍ നല്‍കിയ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൈപ്പറ്റുന്നതിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയോ സര്‍ക്കാര്‍ അനുമതി നല്‍കിയതായോ കാണുന്നില്ല’ എന്നാണ് ആഭ്യന്തര വകുപ്പ് നല്‍കിയ രേഖയില്‍ പറയുന്നത്.
2013 ല്‍ ഇതേ അവാര്‍ഡ് വാങ്ങിയ ഋഷിരാജ് സിംഗ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അവാര്‍ഡ് കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കിയിട്ടുണ്ട്.

letter-jacob-thomasletter-jacob-thomas2

1968ലെ അഖിലേന്ത്യ സര്‍വ്വീസ് റൂള്‍ 11 അനുസരിച്ച് സ്വകാര്യ വ്യക്തികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ 25,000 രൂപയ്ക്കുമേല്‍ പാരിതോഷികമോ, സമ്മാനമോ വാങ്ങുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ന്യൂസ് മേക്കര്‍ അവാര്‍ഡിന് മനോരമ നല്‍കുന്നത് ഒരു ലക്ഷം രൂപയും ഫലകവും ആണ്. 

സര്‍ക്കാരുമായി നേരിട്ട് ഇടപാടില്ലാത്ത വ്യക്തികളില്‍ നിന്ന് ഭക്ഷണംപോലും വാങ്ങിക്കഴിക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പാരിതോഷികം സ്വീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിനെ അറിയിക്കണമെന്ന നിയമമാണ് ജേക്കബ് തോമസ് ലംഘിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

manorama-award01

വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോഴാണ് മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ഈ വര്‍ഷം ആഗസ്റ്റ് ആറിന് അദ്ദേഹം സ്വീകരിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ആണ് അവാര്‍ഡ് നല്‍കിയത്. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിന്‍ കോര്‍പ്പാണ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്തത്.

ജേക്കബ് അവാര്‍ഡ് സ്വീകരിച്ച ആഗസ്റ്റ് ആറിനും അതിന്റെ തലേന്നും പിറ്റേന്നും മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ അപ്പോസ്തലനായ ജേക്കബ് തോമസ് ചട്ടങ്ങള്‍ ലംഘിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ അവാര്‍ഡ് സ്വീകരിച്ചത് വരുംദിവസങ്ങളില്‍ വിവാദമാകാന്‍ ഇടയുണ്ട്.