വിവാഹദിനം യുവതി കാമുകനൊപ്പം ഒളിച്ചോടി

കാഞ്ഞിരപ്പള്ളി: വിവാഹ ദിവസം അച്ഛനെയും സഹോദരനെയും വിദഗ്ധമായി സ്ഥലത്തു നിന്നു മാറ്റിയശേഷം വധു വിവാഹവേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞദിവസം പൊന്‍കുന്നത്തായിരുന്നു സംഭവം.
പിതാവിനെ പൂവ് വാങ്ങാനും സഹോദരനെ തൂവാല വാങ്ങാനും പറഞ്ഞയച്ചശേഷമാണു യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. അട്ടിക്കല്‍ സ്വദേശിനിയുവതിയും മുണ്ടക്കയം സ്വദേശി യുവാവും തമ്മില്‍ പൊന്‍കുന്നത്തെ ഒരു ഹാളില്‍ ഇന്നലെ രാവിലെ 11നു വിവാഹം നടത്താനാണു വീട്ടുകാരും ബന്ധുക്കളും നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മുന്നോടിയായി യുവതി വിവാഹവേഷത്തില്‍ രാവിലെ അച്ഛനും സഹോദരനുമൊപ്പം പൊന്‍കുന്നത്ത് ക്ഷേത്രദര്‍ശനത്തിനെത്തി. ഇവിടെനിന്നു യുവതി വിദഗ്ധമായി ഇരുവരെയും സ്ഥലത്തുനിന്നു മാറ്റിയശേഷം മുങ്ങുകയായിരുന്നു. പൂവ് വാങ്ങി വന്ന അച്ഛനും തൂവാല വാങ്ങിയെത്തിയ സഹോദരനും യുവതിയെ കാണാതെ വന്നതോടെയാണ് അന്വേഷിച്ചതെന്നു പൊലീസ് പറഞ്ഞു.

11 മണിയോടെ വരനും കൂട്ടരും വിവാഹപ്പന്തലിലെത്തിയെങ്കിലും വധു എത്താതിരുന്നതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടു മനസ്സിലാക്കി സ്ത്രീധനമൊന്നും വാങ്ങാതെയുള്ള വിവാഹമായിരുന്നുവത്രേ നിശ്ചയിച്ചിരുന്നത്. കല്യാണസാരിയും ചെരുപ്പും മറ്റും വരന്റെ വീട്ടുകാര്‍ രണ്ടുദിവസം മുമ്പു വാങ്ങി നല്‍കിയിരുന്നു. ഇവ ധരിച്ചാണു യുവതി കാമുകനൊപ്പം മുങ്ങിയത്.

നേരത്തെ ഒരുതവണ വിവാഹിതയായ യുവതി വിഹാഹബന്ധം വേര്‍പെടുത്തിയശേഷം പൊന്‍കുന്നം ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്ഗേളായി ജോലി ചെയ്യുകയായിരുന്നു. ഇതേ കെട്ടിടത്തിലെ മറ്റൊരു കച്ചവടസ്ഥാപനത്തിലെ ജോലിക്കാരനൊപ്പമാണു യുവതി ഒളിച്ചോടിയത്. വരന്റെ വീട്ടുകാര്‍ പൊന്‍കുന്നം പൊലീസില്‍ മാനനഷ്ടത്തിനു പരാതി നല്‍കി. എസ്ഐ: എ.സി.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.