ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്കാരം

പതിനേഴാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്‌ക്കുളള പുരസ്‌കാരം മലയാള ചലച്ചിത്രം കമ്മട്ടിപ്പാടത്തിന്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ രചന നിർവഹിച്ച പി.ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്തിനുളള പുരസ്‌കാരം നേടിയത്. ഒറ്റയാൾ പാത എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.കലാധരൻ മികച്ച നടനുളള പുരസ്‌കാരം നേടി. ലിപ്‌സ്റ്റിക്ക് അണ്ടർ മൈ ബുർക്ക എന്ന ചിത്രത്തിലെ അഭിനയത്തിന് കൊങ്കണ സെൻ ശർമ്മ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആദിൽ ഹുസൈൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്‌ത മുക്തിഭവൻ (ഹോട്ടൽ സാൽവേഷൻ) ആണ് മികച്ച ചിത്രം. എ ഡെത്ത് ഇൻ ദി ഗംജ് സംവിധാനം ചെയ്‌ത കൊങ്കണ സെൻ ശർമ്മയ്‌ക്കാണ് മികച്ച സംവിധാനത്തിനുളള പുരസ്‌കാരം ലഭിച്ചത്.

ദുൽഖർ സൽമാൻ, മണികണ്‌ഠൻ ആചാരി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവിയാണ് കമ്മട്ടിപ്പാടം സംവിധാനം ചെയ്‌തത്. കമ്മട്ടിപ്പാടത്തിൽ ഗംഗയായെത്തിയ വിനായകനും ബാലൻ ചേട്ടനായെത്തിയ മണികണ്ഠനും മികച്ച പ്രകടനമാണ് നടത്തിയത്. കൊച്ചി വളർന്നപ്പോൾ പാർശ്വവൽകരിക്കപ്പെട്ടവരുടെ ജീവിതമാണ് കമ്മട്ടിപ്പാടം ചർച്ച ചെയ്‌തത്.