പാഠം ഒന്ന് – അധ്യാപികയുടെ ചാരായം വാറ്റ്

300 ലിറ്റര്‍ ചാരായവുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയും കൂട്ടാളിയും പിടിയില്‍

ഹരിപ്പാട് : താമസ സ്ഥത്ത് ചാരായം വാറ്റി വില്‍പ്പന നടത്തിയ കുറ്റത്തിന് അധ്യാപികയേയും കൂട്ടാളിയേയും എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 8.30-ഓടെ ജില്ലാ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കായംകുളത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ചിങ്ങോലി മാധവത്തില്‍ അനിത(43), ചിങ്ങോലി എസ്.എന്‍.ഡി.പി ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ ബുള്ളറ്റില്‍ എത്തിയ രജീഷ്‌കുമാറിനെ എക്‌സൈസ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് 10 ലിറ്റര്‍ ചാരായം അടങ്ങിയ കന്നാസ് കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തായ അധ്യാപികയുടെ വീട്ടില്‍ ചാരായം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പുറത്തായത്.

അനിതയുടെ വീട്ടില്‍ പരിശോധന നടത്തിയ സംഘത്തിന് 300 ലിറ്റര്‍ കോടയും 12 ലിറ്റര്‍ ചാരായവും കണ്ടെത്താനായി. ഇവരുടെ ഭര്‍ത്താവ് സൈനികനാണ്. ഇയാള്‍ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ ചാരായം വാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

വാറ്റുമ്പോഴുണ്ടാകുന്ന പുക പോകുന്നതിനും വേസ്റ്റ് പോകുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. സമീപത്തെ ദേവീക്ഷേത്രത്തില്‍ അടുത്ത മാസം നടക്കുന്ന ഉത്സവത്തിന് ചാരായ വില്‍പ്പന ലക്ഷ്യമിട്ടാണ് വാറ്റ് തുടങ്ങിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

അനിതയേയും രജീഷ്‌കുമാറിനേയും ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ടി. പ്രിയലാല്‍, ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിയേഷ്, അനിലാല്‍ എന്നിവരും ഉണ്ടായിരുന്നു.