ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ തള്ളിക്കൊണ്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചവറ കെ.എം.എം.എല്‍ കമ്‍പനിയിലെ മഗ്നീഷ്യം ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്നത്തെ എം.ഡിയായിരുന്ന ടോം ജോസിന് ഈ ഇടപാടില്‍ പങ്കുണ്ടെന്നുമായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ ടോം ജോസിനെ ഔദ്യോഗിക സ്ഥാനത്തുനിന്ന് സസ്പെന്‍റ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്‍റെ ശുപാര്‍ശ.

വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കായിരുന്നു നല്‍കിയത്. ആഭ്യന്തര സെക്രട്ടറി പിന്നീടത് ചീഫ് സെക്രട്ടറിക്ക് കൈമാറി. ടോം ജോസിന് ഈ ഇടപാടില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ നടപടിയെടുക്കേണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം എന്ന് അറിയുന്നു.

ചീഫ് സെക്രട്ടറിയുടെ ഈ റിപ്പോര്‍ട്ടോടുകൂടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ സ്ഥിതി ഒന്നുകൂടി പരുങ്ങലില്‍ ആയിരിക്കുകയാണ്. പ്രതികാര ബുദ്ധിയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ പെരുമാറുന്നത് എന്ന ഐ.എ.എസുകാരുടെ പരാതി സത്യമാണെന്ന് തെളിയിക്കുന്നതാണ് ടോം ജോസിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ഇനിയുള്ള ദിവസങ്ങളില്‍ വിജിലന്‍സ് ഡയറക്ടറും ഐ.എ.എസുകാരും തമ്മിലുള്ള ചേരിപ്പോര് വര്‍ദ്ധിക്കാനാണ് സാധ്യത. പരസ്പരം ചെളിവാരിയെറിയെലുകള്‍ നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ ധനകാര്യ വകുപ്പ് സെക്രട്ടറി ചില കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചുകൊണ്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഐ.എ.എസ്, വിജിലന്‍സ് തര്‍ക്കത്തില്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുകയാണ്.