മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാൾ

ഫോട്ടോ കടപ്പാട്: ജിതേഷ് ദാമോദര്‍, കേരള കൗമുദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാൾ. മാർച്ച് 21നാണ് രേഖകളിൽ പിണറായി വിജയന്റെ ജന്മദിനം. പക്ഷേ തന്റെ യഥാർഥ പിറന്നാൾ മെയ് 24നാണെന്ന് കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകർക്ക് മധുരം നൽകി പിണറായി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴാണ് 73ാം പിറന്നാൾ. കാര്യമായ ആഘോഷ പരിപാടികൾ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

ജന്മദിനത്തിന് പ്രത്യേക ആഘോഷം പതിവില്ല.നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ രാവിലെ പതിവുപോലെ നിയമസഭയിലേക്ക്. ചര്‍ച്ചകളിലും ഭരണ കാര്യങ്ങളിലും സജീവമായ ഇടപെടല്‍, തനതു ശൈലിയിലുള്ള മറുപടികള്‍. ആഘോഷത്തിന്റെ ഭാഗമല്ലെങ്കിലും ജന്മദിനത്തിലെ ഉച്ചഭക്ഷണം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.

രേഖകളില്‍ മെയ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ആദ്യവാര്‍ത്താ സമ്മേളനത്തിലാണ് യഥാര്‍ത്ഥ ജന്മദിനത്തെപ്പറ്റി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. 73ാം വയസിലേക്ക് കടക്കുമ്പോഴും അചഞ്ചലമായ നിലപാടുകളും പ്രതീക്ഷകളുമായാണ്‌ പിണറായി വിജയനെന്ന ജനകീയ മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ വർഷം മേയ് 25നാണ് പിണറായി വിജയന്റെ മന്ത്രിസഭ അധികാരമേറ്റത്. തലേന്ന്, മേയ് 24ന്, പിണറായി തന്റെ ജന്മദിന രഹസ്യം വെളിപ്പെടുത്തിയത് നാടകീയമായിട്ടായിരുന്നു. രാവിലെ എ.കെ.ജി സെന്ററിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ലേഖകർക്കെല്ലാം ലഡ്ഡു വിതരണം ചെയ്തു. ‘നിങ്ങൾക്ക് ഇന്ന് മധുരം തരികയാണ്. ഇത് എന്ത് വകയിലാണെന്ന് ആർക്കെങ്കിലും പറയാമോ?’- പിണറായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഒന്നും മനസ്സിലാകാതെ എല്ലാവരം കൈമലർത്തിയപ്പോൾ പിണറായി തന്നെ സസ്പെൻസ് മുറിച്ചു – ‘ഇന്ന് എന്റെ പിറന്നാൾ. കൊല്ലവർഷം 1120 ഇടവം 10… ‘

ഔദ്യോഗികരേഖകൾ പ്രകാരം 1944 മാർച്ച് 21 ആണ് പിണറായിയുടെ ജനനത്തീയതി. അത് ഓർത്ത് വച്ച് പലപ്പോഴും വാർത്താലേഖകർ പിണറായിയെ ബന്ധപ്പെടുമായിരുന്നു. അപ്പോഴെല്ലാം, ഇതല്ല ശരിയായ പിറന്നാൾ ദിവസം എന്ന് പറഞ്ഞ് അദ്ദേഹം ഒഴിയും. ശരിയായ തീയതി ചോദിച്ചാൽ അതൊക്കെ പിന്നെപ്പറയാമെന്നാകും മറുപടി. ആ രഹസ്യമാണ് കഴിഞ്ഞവർഷം അദ്ദേഹം തന്നെ പരസ്യമാക്കിയത്.