കേരളത്തില്‍ സിസേറിയന്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ ഏറ്റവും കടുതല്‍ സിസേറിയന്‍ ശസ്ത്രക്രിയ നടക്കുന്നത് കേരളത്തിലെന്ന് ലോകാരോഗ്യ സംഘടന 

സംസ്ഥാനത്തെ 41 ശതമാനം പ്രസവങ്ങള്‍ സിസേറിയനിലൂടെ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കേരളത്തിലെ 41 ശതമാനം സ്ത്രീകളാണ് പ്രസവത്തിനായി സിസേറിയന്‍ മാര്‍ഗ്ഗം ഉപയോഗിച്ചിരിക്കുന്നത്. 2014-2015 കാലത്ത് സംസ്ഥാനത്ത് നടന്ന 4,90,237 പ്രസവങ്ങളില്‍ 2,00,684 സ്ത്രീകള്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

വികസന കാര്യത്തില്‍ വളരെ മുന്നോക്കം നില്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും സിസേറിയന്റെ നിരക്ക് 30-35 ശതമാനം മാത്രമാണ്. സ്വാഭാവിക പ്രസവം നടത്താന്‍ രോഗികളെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാണ് പലപ്പോഴും സിസേറിയനിലേക്ക് നയിക്കുന്നതെന്നാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഫെസി ലൂയിസ് അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്നത്. നഗരങ്ങളിലെ ആശുപത്രികളില്‍ ഏതാണ്ട് 50 ശതമാനം പ്രസവങ്ങളും സിസേറിയന്‍ മുഖാന്തിരമാണ് നടക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്നത് എറണാകുളം നഗരത്തിലാണ്. ഏതാണ്ട് 50 ശതമാനത്തിലധികം ഇവിടെ നടക്കുന്ന പ്രസവങ്ങള്‍ സിസേറിയനാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

33 ശതമാനവുമായി തൊട്ടുപിന്നില്‍ പാലക്കാടാണ്. സ്വകാര്യ ആശുപത്രികളുടെ പണക്കൊതിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നല്ലൊരു പങ്ക് സ്വകാര്യ ആശുപത്രികളും സ്ത്രീകളോട് സിസേറിയന്‍ നടത്തുന്നതാണ് ഉത്തമമെന്നാണ് പറയാറുള്ളത്. ഡോക്ടറുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും പണക്കൊതിയാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്റെ നിരക്ക് വളരെ കുറവുമാണ്.

ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ അനുസരിച്ച് സ്വാഭാവിക പ്രസവത്തേക്കാള്‍ സിസേറിയനാണ് ഉത്തമമെന്ന് തെളിയിക്കാന്‍ മതിയായ കാരണങ്ങളില്ല. നിലവില്‍ വളരെ ലഘുവായ ശസ്ത്രക്രിയയായിട്ടാണ് ഇതിനെ കണക്കാക്കുന്നതെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരമാകാനും ഇടയുണ്ട്.  എന്നാല്‍ ഗൈനക്കോളജിസ്റ്റുകള്‍ ഈ വാദത്തെ അംഗീകരിക്കുന്നില്ല. ഇതു വളരെ സുരക്ഷിതവും ശാസ്ത്രീയവുമാണെന്നാണ് ഇവരുടെ അഭിപ്രായം. സിസേറിയന് കേരളത്തില്‍ പ്രചാരം കിട്ടാനുള്ള ഏക കാരണം വേദനയില്ലാതെ പ്രസവിക്കാമെന്നത് മാത്രമാണ്.