ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: പോലീസിന്റെ സദാചാര പീഡനമെന്ന് ആക്ഷേപം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കോഴിക്കോട് – ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കുറ്റ്യാടി പോലീസ് കസ്റ്റഡയിലെടുത്ത് വിട്ടയച്ച ദളിത് യുവതി ആതിരയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് ആന്വേഷണം തുടങ്ങി. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം ഡ്രൈവിംഗ് പഠിക്കുന്നതിനിടയിലാണ് ഇരുവരേയും നാദാപുരം ഡിവൈഎസ്പി കെ.ഇ.ഇസ്മായില്‍ കസ്റ്റഡിയിലെടുത്തത്.

സംശയം തോന്നിയതിനാലാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസ് ഭാഷ്യം. കുറ്റ്യാടി കെ.എം.സി ആശുപത്രിയില്‍ എക്സറേ ടെക്നീഷനാണ് ആതിര. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തു നിന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പകല്‍ ഡ്യൂട്ടിയുളളതിനാലും, തിരക്ക് കുറവായതിനാലുമാണ് ആതിര രാത്രി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാന്‍ തിരഞ്ഞെടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത് ഇരുവരേയും രണ്ട് മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തി അപമാനിച്ചു. വനിത പോലീസിന്റ അഭാവത്തിലായിരുന്നു അറസ്റ്റ്. തുടങ്ങി നിരവധി ആരോപണങ്ങളാണ് പോലീസിനെതിരെ ആതിരയുടെ ബന്ധുക്കള്‍ നിരത്തുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ച ശേഷമാണ് ആതിര രാസലായിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയും ചെയ്തു.

ഒരു തെറ്റും ചെയാത്ത പെണ്‍കുട്ടികളെ സ്റ്റേഷനില്‍ ഇരുത്തി സ്വഭാവഹത്യയ്ക്ക് പോലീസ് ശ്രമിച്ചു. രാത്രിയില്‍ പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഡി.വൈ.എസ്.പി ജയ്സണ്‍.കെ.എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘം

സംഭവ ദിവസം ഡൃൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി ചര്‍ച്ച നടത്തി. ആതിര ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ സിസിടിവി ക്യാമറകളും സംഘം പരിശോധിച്ചു. ആതിരയ്ക്ക് ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയുടെ വീട്ടിലെത്തി കണ്ടു. ആതിരയുടെ ഫോണില്‍ നിന്നും ആശുപത്രിയിലെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിന്റെ നമ്പറിലേക്ക് കോള്‍ പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.