ദേശീയഗാനം ചലച്ചിത്രമേളയെ ചൂടുപിടിപ്പിക്കുമ്പോള്‍

21-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നത് ദേശീയഗാനമാണ്. കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്ത ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനു മുമ്പായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരടക്കം ആവശ്യപ്പെട്ടിട്ടും എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു. പിന്നീട് ഇവരെ താക്കീത് നല്‍കി വിട്ടയച്ചു.

ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളാണ് ചലച്ചിത്രമേളയുടെ മുക്കിലും മൂലയിലും നടക്കുന്നത്. വിദേശികളടക്കം നിരവധി പേര്‍ പങ്കെടുക്കുന്ന മേളയില്‍ ഓരോ പ്രദര്‍ശനത്തിനു മുമ്പും എഴുന്നേറ്റു നില്‍ക്കുന്നതിലെ അനൗചിത്യം ചിലര്‍ ചൂണ്ടികാണിക്കുന്നു. ലൈംഗിക വിഷയമായുള്ള ചിത്രങ്ങള്‍ക്ക് മുമ്പും എഴുന്നേറ്റ് നിന്ന് ആദരവ് കാണിക്കണമോയെന്ന് ഒരു പക്ഷം പരിഹാസ രൂപേണ ചോദിക്കുന്നു. കടുത്ത വെയിലത്ത് മണിക്കൂറുകള്‍ ക്യൂ നിന്ന് പ്രദര്‍ശനങ്ങള്‍ കാണാമെങ്കില്‍ 58 സെക്കന്റ് മാത്രമുള്ള ദേശീയഗാനാലാപനത്തിന് എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറുപക്ഷവും ചോദിക്കുന്നു. ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ യുവമോര്‍ച്ച ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ പോലീസ് നടപടി.

ഓരോ ചിത്രത്തിന്റെയും പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ അനാദരവ് കാണിക്കുന്നവര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ചലച്ചിത്രമേളയ്ക്ക് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്ക് ഇളവ് തേടിയെങ്കിലും ലഭിച്ചില്ല.

സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചും പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുവാനും ഒരുപക്ഷം കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കാതിരിക്കാന്‍ വരും ദിവസങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാകാനാണ് സാധ്യത.