പോലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാന പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 40,000-ഓളം വരുന്ന പോലീസ് സേനാംഗങ്ങളില്‍ 1204 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവരാണ്. 716 പേര്‍ക്കെതിരെ ഗുരുതരമായ കേസുകളും നിലവിലുണ്ട്. ഇവരെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം രണ്ടു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. ടി.പി. സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അദ്ദേഹം പോലീസ് മേധാവിയായിരുന്ന കാലത്ത് പോലും ഈ കാര്യം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലവും മാഫിയ ബന്ധവുമുള്ള പോലീസുകാര്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണയുള്ളതു കൊണ്ടു മാത്രമാണ് മാറ്റാന്‍ കഴിയാത്തത്. സിവില്‍ പോലീസുദ്യോഗസ്ഥന്മാര്‍ കേസില്‍പ്പെട്ടാല്‍ സസ്‌പെന്‍ഷന്‍ മറ്റും ഉണ്ടാകുമെങ്കിലും എസ്.പി. മുതല്‍ മുകളിലോട്ട് ഉള്ളവര്‍ വരെ രക്ഷപ്പെടുകയാണ് പതിവ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1316 സിവില്‍ പോലീസ് ഓഫീസര്‍മാരാണ് സസ്‌പെന്‍ഷനിലായത്. ഇക്കാലയളവില്‍ കേവലം 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. 616 ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു.

കൊച്ചി വിമാനത്താവളത്തിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പോലീസുദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലും മറ്റും ആയെങ്കിലും ഇവര്‍ക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടിയോ വകുപ്പ് തല നടപടികളോ ഉണ്ടായിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളക്കടത്തുകാരന്‍ ഫയാസുമായി നിരവധി പോലീസുദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ബന്ധമുള്ളതായി പറഞ്ഞു കേട്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരില്‍ പോലീസ് സേനയിലെ എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, എസ്.പി, ഡി.വൈ.എസ്.പി പദവികളിലുള്ള നിരവധി പേരുണ്ട്. ഇവര്‍ക്കെതിരെയൊന്നും മാതൃകാപരമായ ശിക്ഷാനടപടികളെടുത്തതായി കാണുന്നില്ല.