ഡി.സി.സി പുനസംഘടന: പരാതിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയില്‍

 രാഹുലിനെ സന്ദര്‍ശിച്ച് സംഘടന തെരഞ്ഞെടുപ്പെന്ന ആവശ്യമുന്നയിക്കാന്‍ ഉമ്മന്‍ ചാണ്ടി

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തെ അവഗണിച്ചത് സംബന്ധിച്ച ആവലാതിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയില്‍. ഉമ്മന്‍ ചാണ്ടിയോട് അടുത്തു നില്‍ക്കുന്ന നേതാക്കളെ പുനസംഘടനയില്‍ അവഗണിച്ചത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഗ്രൂപ്പ് നേതാക്കളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എ.കെ. ആന്റണി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരെ  നേതാക്കള്‍ ഇന്ന് നേരില്‍ക്കണ്ടി പരാതി ഉന്നയിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ ധര്‍ണ നടത്താനെത്തിയ എ ഗ്രൂപ്പ് പ്രതിധികളാണ് ഇന്ന് നേതൃത്വത്തെ കണ്ട് പരാതി ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരില്‍ക്കാണാനും ശ്രമിക്കുന്നുണ്ട്. പുതിയ അധ്യക്ഷന്‍മാരുടെ പട്ടികയില്‍ അഞ്ച് ജില്ലകളില്‍ മാത്രമാണ് എ ഗ്രൂപ്പിന് പ്രതിനിധ്യം ലഭിച്ചത്. നേരത്തെ ഏഴ് ജില്ലകളിലാണ് എ ഗ്രൂപ്പിന് പ്രാതിനിധ്യമുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പരാതി. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ ഒരു പദവിയും ഉമ്മന്‍ ചാണ്ടി പക്ഷത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ ഡി.സി.സി പുനസംഘടനയില്‍ തങ്ങളെ നേതൃത്വം തഴഞ്ഞത് സംബന്ധിച്ച പ്രതിഷേധം എ.കെ ആന്റണി മുകുള്‍ വാസ്‌നിക് എന്നിവരെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം.
രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചാല്‍ സംഘടനാ തെരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കും. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന മുറയ്ക്ക് കേരളത്തിലേതും നടത്തിയാല്‍ മതിയെന്ന നിലപാടിലലാണ് കേന്ദ്ര നേതൃത്വം. ഗ്രൂപ്പിന്റെ പരാതിയും പ്രതിഷേധവും നേതാക്കളുടെ ശ്രദ്ധയിലെത്തിക്കുകയെന്നതിനപ്പുറം കടുത്ത നിലപാട് സ്വീകരിച്ച് നേതൃത്വത്തിന്റെ അപ്രീതി ഇരട്ടിയാക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിലെ പൊതുവികാരം.