രജിസ്റ്റര്‍ ഓഫീസില്‍ തമ്മിലടി; പെണ്‍ വീട്ടുകാര്‍ വരന്റെ മൂക്കിടിച്ച് തകര്‍ത്തു

നാടാകാന്ത്യം കല്യാണം പോലീസ് സ്‌റ്റേഷനില്‍

കോട്ടയം: വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയവര്‍ തമ്മിലടിച്ചതോടെ വിവാഹം മുടങ്ങി. രജിസ്റ്റര്‍ വിവാഹത്തിനെത്തിയ വരനെയും ബന്ധുക്കളെയും പെണ്‍വീട്ടുകാര്‍ കൈയേറ്റം ചെയ്തു. പാലായിലെ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. കൊല്ലപ്പള്ളി സ്വദേശിയായ വരനും നീലൂരുകാരിയായ യുവതിയും തമ്മില്‍ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഗള്‍ഫില്‍ ജിംനേഷ്യത്തിലെ ജോലിക്കാരനാണ് യുവാവ്. എന്നാല്‍ വ്യത്യസ്ത മതസ്ഥരായ യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിനിടെ നാട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് സംസാരിക്കുകയും വീട്ടുകാര്‍ എതിര്‍ത്താല്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. ഇതനുസരിച്ച് ഇന്നലെ യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തി. രജിസ്‌ട്രേഷന്റെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ വിവരമറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തുകയും വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വരന്റെ മൂക്കിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റു പലര്‍ക്കും പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ വഷളായതോടെ ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

വധുവിന്റെ വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലും ഭീഷണി തുടര്‍ന്നതോടെ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുതീര്‍പ്പിനായെത്തി. സംഭവം സംബന്ധിച്ച് മേലുകാവ് പോലീസ്‌സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നും പെണ്‍വീട്ടുകാര്‍ വാദിച്ചതോടെ കോടതിയില്‍ ഹാജരാക്കാമെന്നും പെണ്‍കുട്ടിയുടെ തീരുമാനത്തിനാണ് കോടതി വിലനല്‍കുന്നതെന്നും പോലീസ് അറിയിച്ചു. ഇതോടെ പെണ്‍വീട്ടുകാര്‍ ശാന്തരാകുകയായിരുന്നു. ഇതിനിടെ പരുക്കേറ്റവരെ ചികിത്സയ്ക്കായി വിട്ടയച്ചു. പോലീസുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് വരനൊപ്പം യുവതിയെ അയയ്ക്കാന്‍ പെണ്‍വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്. സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയ പുലിയന്നൂര്‍ സ്വദേശിയുടെ കാറിന്റെ ചില്ല് തകര്‍ന്നത് വരന്റെ വീട്ടുകാര്‍ മാറിനല്‍കി. പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.