ദേശീയപാതയോരത്ത് മദ്യശാല വേണ്ട

ഏപ്രിൽ ഒന്നിനകം ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി:  ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവിൽ പറയുന്നത് . 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ  മാത്രമെ പ്രവര്‍ത്തിക്കാനാകു.യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ദേശീയപാത-സംസ്ഥാന പാത എന്നിവയുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും നിലവിലുളളവ നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വിശദമാക്കുന്നു.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തടസ്സപെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.ദേശീയപാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ ആളുകളുടെ ശ്രദ്ധയില്‍ അവ പെടില്ല എന്ന വാദം ഉന്നയിച്ച് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌.എല്ലാ സംസ്ഥാനങ്ങളും കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു