ജോസ് കെ. മാണിക്കെതിരെ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം

ജോസ് കെ. മാണിക്കെതിരെ കേരള കോണ്‍ഗ്രസ് സേവ് ഫോറം

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഫോറത്തിന് പിന്നില്‍ 

അഴിമതിക്കഥകള്‍ക്ക് പുറമേ ലൈംഗിക ഇടപാടുകളെക്കുറിച്ചുമുള്ള ഊമക്കത്തുകള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചരിക്കുന്നു

പാല : ജോസ് കെ. മാണിക്കെതിരെ കേരള കോണ്‍ഗ്രസില്‍ കലാപം. ജോസ് കെ. മാണിയുടെയും കൂട്ടരുടെയും അഴിമതിയും അധികാരത്തോടുള്ള ആര്‍ത്തിയും കെ.എം. മാണിയുടെ വീണ്ടെടുക്കാനാവാത്ത പതനത്തിലും പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും കാരണമായെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് സേവ് ഫോറം എന്ന പേരില്‍ ജോസഫ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇവരുടെ നീക്കം. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്‍കാല നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കും ജോസ് കെ. മാണിയുടെ അഴിമതി കഥകളും അവിഹിത ലൈംഗിക ബന്ധങ്ങളും വിശദീകരിച്ച് കത്തുകള്‍ അയച്ചു. ജോസ് കെ. മാണി മൂലം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും കേരള കോണ്‍ഗ്രസ് സേവ് ഫോറത്തിനുണ്ട്.

മുന്നണി വിടുന്നതുള്‍പ്പെടെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങള്‍ ജോസ് കെ. മാണിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് കെ.എം. മാണിക്ക് സ്വീകരിക്കേണ്ടി വന്നതെന്ന് നോട്ടീസില്‍ പറയുന്നു. ജോസ് കെ. മാണിക്കും അനുചരന്മാര്‍ക്കുമെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തിയിട്ടുള്ളത്. കെ.എം. മാണിയുടെ ധനമന്ത്രി സ്ഥാനത്തെ അഴിമതി നടത്താന്‍ മാത്രമുള്ള അവസരമായിട്ടാണ് ജോസ് കെ. മാണി ഉപയോഗിച്ചതെന്ന് കത്തില്‍ ആരോപിക്കുന്നു.

കെ.എം. മാണി ജീവിത സായാഹ്നത്തില്‍ അനുഭവിക്കുന്ന എല്ലാവിധ ദുരന്തങ്ങളുടെയും ഉത്തരവാദിയായാണ് മകന്‍ മാണിയെ ഇവര്‍ ചിത്രീകരിക്കുന്നത്. സോളാര്‍ കേസില്‍ മകന്‍ മാണിക്കുള്ള ബന്ധം പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതായും മകന്‍ മാണിക്ക് അവിഹിത ലൈംഗിക ബന്ധങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ജോസ് കെ. മാണി ജോലി ചെയ്തിരുന്ന ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോസ് കെ. മാണിയുടെ സഹപ്രവര്‍ത്തകനും മുന്‍ മന്ത്രി വക്കം പുരുഷോത്തമന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ജയചന്ദ്രനെ മാണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച് ഇവര്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.

അഴിമതി പണം പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം മാവേലിക്കര കച്ചോല ജെയിംസ് ജേക്കബ്, തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ കോര്‍ സ്ഥാപനത്തിന്റെ ഉടമ സോയിമോന്‍ തുടങ്ങി പല ബിനാമിമാര്‍ മുഖേന വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസുകളില്‍ മുടക്കിയിരിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ് ഭരിക്കുന്ന രാമപുരം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത വൈദീകനെയും സമുദായ നേതാക്കളെയും ജയിലിലടക്കാന്‍ കാരണമായ പാറമടക്ക് ലൈസന്‍സ് ലഭിച്ചത് ജോസ് കെ മാണിയുടെ ഇടപെടല്‍ മൂലമാണെന്നും ആരോപിക്കുന്നു. അനാരോഗ്യം മൂലം കെ.എം. മാണി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമ്പോള്‍ പി.ജെ. ജോസഫിനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും മറികടന്ന് പാര്‍ട്ടി ചെയര്‍മാനാകാന്‍ ജോസ് കെ. മാണി നീക്കം നടത്തുന്നുവെന്നും കത്തില്‍ വിവരിക്കുന്നു.