അധ്യാപകന്റെ ക്രൂരമര്‍ദ്ദനം : കയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാനായില്ല

മഞ്ചേരി : അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഇടതുകൈ എല്ല് പൊട്ടിയ പതിനാലുകാരനായ വിദ്യാര്‍ത്ഥിക്ക് ഇന്നലെ ക്രിസ്തുമസ് പരീക്ഷ എഴുതാനായില്ല.

കാളികാവ് അഞ്ചച്ചവിടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസിനാണ് സ്വന്തം അധ്യാപകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സ്‌കൂളിലെ രണ്ടു കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ മദ്ധ്യസ്ഥത വഹിക്കാനെത്തിയ മുഹമ്മദ് ഹായിസിനെ അധ്യാപകന്‍ തെറ്റിദ്ധരിക്കുകയും ഓഫീസിലേക്ക് വിളിച്ചു വരുത്തി കഠിനായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പുലത്ത താജുന്നീസ പറഞ്ഞു. കയ്യൊടിഞ്ഞിട്ടും പിന്തിരിയാന്‍ തയ്യാറാകാത്ത അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കാലിലും പുറത്തും പരിക്കുണ്ട്. വണ്ടൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ആരോപണ വിധേയനായ അധ്യാപകനൊഴികെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസ് അടക്കമുള്ളവര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. പത്തു വര്‍ഷം മുമ്പാണ് കുട്ടിയുടെ പിതാവായ ജലീല്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് താന്‍ മുഹമ്മദ് ഫായിസിനെയും മൂത്തമകളെയും വളര്‍ത്തുന്നതെന്ന് താജുന്നീസ പറഞ്ഞു.