ലയങ്ങളില്‍ പട്ടിണിയും ദുരിതവും : മലക്കപ്പാറയിലെ തോട്ടം തൊഴിലാളികള്‍ നോട്ടിനായി താണ്ടേണ്ടത് 30 കിലോമീറ്റര്‍

തൃശൂര്‍ : മലക്കപ്പാറ ടാറ്റാ ടീ എസ്റ്റേറ്റിലെ തേയില തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകായണ്. അഞ്ച് ഡിവിഷനിലായി തൊഴിലെടുത്തു വരുന്ന 1200-ല്‍പരം  തൊഴിലാളികളുടെ ദൈനംദിന ജീവിതമാണ് ദുസഹമായിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപടി കൂനിന്മേല്‍ കുരുവെന്ന പോലെ ബുദ്ധിമുട്ടിലാക്കി. നവംബര്‍ മാസത്തിലെ വേതനം പോലും ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ ലയങ്ങളില്‍ പട്ടിണിയും ദുരിതവും പടര്‍ന്നു പിടിച്ചിരിക്കുന്നു. ഈ മേഖലയില്‍ ബാങ്കുകളോ, ബാങ്കുകളുടെ എ.ടി.എമ്മുകളോ ഇല്ല.

30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമെ വാല്‍പ്പാറയിലുള്ള ബാങ്കിന്റെ ശാഖകളില്‍ എത്തുവാന്‍ കഴിയുകയുള്ളൂ. ഈ സ്ഥലം തമിഴ്‌നാട് സംസ്ഥാനത്തിന്റേതുമാണ്. കേരള അതിര്‍ത്തിയില്‍ കനറാ ബാങ്കിന്റെ ഒരു ശാഖ മാത്രമാണുള്ളത്. അവിടെയെത്തണമെങ്കില്‍ 65 കിലോമീറ്റര്‍ സഞ്ചരിക്കണം. തൊഴിലാളികള്‍ക്ക് ചികിത്സ ലഭിക്കാന്‍ വളരെ പ്രയാസമാണ്. കമ്പനിയുടെ കീഴില്‍ ഒരു പ്രാഥമിക കേന്ദ്രം ഉണ്ടെങ്കിലും അവിടെ ഡോക്ടര്‍മാരുടെ സേവനം ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലഭിക്കുന്നത്. കേട് വന്ന കട്ടിലുകളും ബെഡും ആവശ്യത്തിന് മരുന്നും ലഭിക്കുന്നില്ല. താമസസ്ഥലമായ ലയങ്ങളുടെ സ്ഥിതി വളരെ മോശപ്പെട്ട നിലയിലാണ്. മേല്‍ക്കൂരകള്‍ പലതും തകര്‍ന്നിരിക്കുകയാണ്. അറ്റകുറ്റപണികള്‍ നടത്തി കൊടുക്കാന്‍ കമ്പനി തയ്യാറാകുന്നില്ല.

ഒരു എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന വാഹന സൗകര്യം കമ്പനി മാനേജര്‍ നിര്‍ത്തലാക്കി. അതിനാല്‍ എട്ട് കിലോമീറ്റര്‍ നടന്ന് വേണം ജോലിക്ക് തൊഴിലാളികള്‍ക്ക് എത്തുവാന്‍. കാട്ടുമൃഗങ്ങള്‍ സൈ്വര്യ വിഹാരം നടത്തി വരുന്ന സ്ഥലങ്ങളിലൂടെയാണ് തൊഴിലാളികള്‍ ജീവന്‍ പണയപ്പെടുത്തി ജോലിക്ക് വരുന്നത്. ജോലിരക്ക് സമയത്തിനെത്തിച്ചേരാന്‍ വളരെ പ്രയാസപ്പെടുന്ന സ്ഥതിയുണ്ട്. സമയത്തിന് ജോലിക്കെത്തിയില്ലെങ്കില്‍ വൈകിയതിന്റെ പേരില്‍ നിലവില്‍ നല്‍കി വരുന്ന തുച്ഛമായ പ്രതിദിന വേദനത്തില്‍ നിന്നും 48 രൂപ വെട്ടികുറക്കുന്ന നിലപാടാണ് കമ്പനിയെടുക്കുന്നത്.

പല ലയങ്ങളിലും ശുദ്ധജലം ലഭ്യമല്ല. പൊട്ടിയൊലിക്കുന്ന പൈപ്പുകളില്‍ നിന്നും മലിനജലമാണ് ലഭിക്കുന്നത്. ആന ഇറങ്ങി നശിപ്പിച്ച സെപ്റ്റിക്ക് ടാങ്കുകള്‍ കമ്പനി നന്നാക്കി കൊടുക്കാത്തതു മൂലം ചില തൊഴിലാളി കുടുംബങ്ങള്‍ ദുര്‍ഗന്ധം ശ്വസിച്ച് കഴിയുകയാണ്. ആന തകര്‍ത്ത വീടുകള്‍ക്ക് നഷ്ടപരിഹാരവും കൊടുത്തിട്ടില്ല. വളരെ പരിതാപകരമായ ഈ സ്ഥിതി മാറ്റിയെടുക്കുന്നതിന് അധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കറുപ്പുസ്വാമി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. നന്ദകുമാരവര്‍മ്മ, നൂര്‍ദ്ദിന്‍ എന്നിവര്‍ സംസാരിച്ചു.