നൈസി: പ്രകാശം പരത്തുന്ന പെണ്‍കുട്ടി

തലയോലപ്പറമ്പില്‍ എട്ട് വര്‍ഷം മുമ്പ് കാണാതായ പണമിടപാടുകാരന്‍ മാത്യുവിന്‍റെ മകളാണ് നൈസി

പിതാവിന്‍റെ തിരോധനത്തിന്‍റെ ഒറ്റപ്പെടലുകള്‍ക്കിടയിലും നൈസി എന്ന പെണ്‍കുട്ടി മറ്റുള്ളവര്‍ക്കുവേണ്ടി നന്‍മ ചെയ്യാന്‍ മടി കാണിക്കാറില്ല

തന്‍റെ ജീവിത പ്രാര്‍ബ്ധങ്ങള്‍ക്കിടയിലും കൂട്ടുകാരിയുടെ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്യാന്‍ മനസ്സുകാണിച്ച വലിയൊരു ഹൃദയത്തിന്‍റെ ഉടമയാണ് നൈസി 

അതേ, നൈസി പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ് 

തലയോലപ്പറമ്പില്‍ എട്ട് വര്‍ഷം മുന്‍പ് കാണാതായ പണമിടപാടുകാരനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണവും കഥകളും നാടാകെ ചര്‍ച്ച ചെയ്യുകയാണ്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാത്യുവിന്റെ മകള്‍ നൈസിയോട് പ്രതിയായ അനീഷിന്റെ പിതാവ് വാസു നടത്തിയ വെളിപ്പെടുത്തലാണ് പ്രതി അനീഷിനെ പിടിക്കാനിടയായത്. വാസുവുമായുള്ള ഫോണ്‍ സംഭാഷണം നൈസി റെക്കോര്‍ഡ് ചെയ്ത് പോലീസിനെ ഏല്‍പ്പിച്ചതാണ് കേസിന് തുമ്പുണ്ടാക്കാന്‍ നിമിത്തമായത്.

പിതാവിന്റെ തിരോധാനത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയിലും നൈസി എന്ന പെണ്‍കുട്ടി മറ്റുള്ളവര്‍ക്കു വേണ്ടി നന്മ ചെയ്യുവാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. അവള്‍ എല്ലാ അര്‍ത്ഥത്തിലും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്. പപ്പ എന്നെങ്കിലുമൊരിക്കല്‍ തിരിച്ചു വരുമെന്ന് പറഞ്ഞ് അമ്മയേയും ഇളയ രണ്ട് സഹോദരിമാരേയും ആശ്വസിപ്പിച്ചിരുന്ന നൈസി തന്റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ഒരു കുടുംബത്തിന്റെ അത്താണിയായ കഥ കോരിത്തരിപ്പിക്കുന്നതാണ്

മാസങ്ങള്‍ക്കു മുന്‍പ് രണ്ട് വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച കൂട്ടുകാരിയുടെ ഭര്‍ത്താവിന് സൗജന്യമായി വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ നൈസി നാടിന്റെ ആദരമേറ്റു വാങ്ങിയിരുന്നു. ഈ സംഭവം നടന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പപ്പ മരണപ്പെട്ട വാര്‍ത്ത് അവരുടെ കാതുകളിലെത്തുന്നത്. എറണാകുളത്ത് ഒരുമിച്ചു ജോലി ചെയ്തിരുന്ന കിഴക്കമ്പലത്തുള്ള സുഹൃത്ത് റെജിയുടെ ഭര്‍ത്താവ് ജോണി(48)നാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും നൈസി തന്റെ വൃക്ക നല്‍കിയത്. ഇരു വൃക്കകളും തകരാറിലായ കൂട്ടുകാരിയുടെ കുടുംബത്തിന്റെ വിഷമസ്ഥിതി മനസ്സിലാക്കിയ നൈസി വൃക്ക ദാനം ചെയ്യാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഏറ്റവും അടുത്ത  ബന്ധുക്കള്‍ മാത്രമാണ് നൈസിയുടെ വൃക്ക ദാനം അറിഞ്ഞിരുന്നത്.

ഇനിയൊരിക്കലും പപ്പ മടങ്ങി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുടുംബാംഗങ്ങള്‍ ഏറെ പണിപ്പെട്ടപ്പോഴും താങ്ങായതും നൈസി തന്നെയായിരുന്നു. പപ്പയുടെ ഏറെ പ്രിയപ്പെട്ടവനായിരുന്ന അനീഷില്‍ നിന്ന് ഇതു പോലൊരു സംഭവം ഉണ്ടാവുമെന്ന് നൈസി സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടോടെയാണ് വന്നവരോടെല്ലാം നൈസി വിവരിച്ചത്. പപ്പയുടെ സമ്പാദ്യത്തിന്റെ ഏറിയപങ്കും ഇനിയും പലരില്‍ നിന്നും തിരികെ കിട്ടാനുണ്ട്. ഇതെല്ലാം ആരുടെ കൈവശമാണെന്നും പോലും ഇവര്‍ക്കറിയില്ല. കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകള്‍ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടു കേസില്‍ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് വീട്ടിലെത്തിയിരുന്നു.

മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് ഇയാളാണ് നൈസിനോട് വെളിപ്പെടുത്തിയത്. സമീപകാലത്ത് തലയോലപ്പറമ്പില്‍ കള്ളനോട്ടു കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന അനീഷും ഇയാളുടെ പഴയകാലത്തെ ചില സുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസി തലയോലപ്പറമ്പ് പൊലീസില്‍ വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെന്നു സംശയിക്കുന്ന അനീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്.

അനീഷ് പള്ളി കവലയ്ക്ക് സമീപം സ്റ്റിക്കര്‍ വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേക്ക് മാത്യുവിനെ വിളിച്ചു വരുത്തി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞു മുറുക്കികൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചു മൂടിയതായാണ് പോലീസിന് നല്‍കിയ മൊഴി.

related article

തലയോലപ്പറമ്പ് കൊലപാതക വിവരം വാസു വെളിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ

സിനിമയ്ക്കും മുമ്പേ ദൃശ്യം മോഡല്‍ കൊലപാതകം