പാന്‍കാര്‍ഡില്ല: പണം നിക്ഷേപിക്കാനാകാതെ പ്രാഥമിക സഹകരണ സംഘങ്ങള്‍

സ്വന്തമായി പാന്‍കാര്‍ഡ് ഇല്ലാത്തതു കാരണം അസാധു നോട്ടുകള്‍ നിക്ഷേപിക്കാനാകാതെ സംസ്ഥഛാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍. പ്രാഥമിക സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന അസാധു നോടട്ുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പരിധിയില്ലാതെ നിക്ഷേപിക്കാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി പാന്‍കാര്‍ഡ് ഉള്ള സംഘങ്ങള്‍ക്കു മാത്രമേ സംസ്ഥാന സഹകരണ ബാങ്കില്‍ പുതിയ അക്കൗണ്ടിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ സംസ്ഥാനത്തെ ഒട്ടനവധി പ്രാഥമിക സംഘങ്ങള്‍ക്കും പാന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രാഥമിക സംഘങ്ങളിലായി കെട്ടിക്കിടക്കുന്നത്. ഈ പണം സംസ്ഥാന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുവാനാണ് സഹകരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാന സഹകരണ ബാങ്കില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ഇതിനായി പുതിയ അക്കൗണ്ട് തുടങ്ങേണ്ടി വരും. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം ഇതിന് പാന്‍കാര്‍ഡ് നിര്‍ബന്ധവുമാണ്. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്കും ചുരുക്കം ചില മാര്‍ക്കറ്റിംഗ് എംപ്ലോയീസ് സംഘങ്ങള്‍ക്കും ഒഴികെ മറ്റു സംഘങ്ങള്‍ക്കൊന്നും സ്വന്തമായി പാന്‍കാര്‍ഡ് ഇല്ല. അതുകൊണ്ട് പുതിയ തീരുമാനം വന്നിട്ടും പകുതിയിലേറെ സംഘങ്ങളിലും പ്രതിസന്ധി തുടരുകയാണ്. എല്ലാ സംഘങ്ങളും പാന്‍കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തിരക്കു കാരണം കിട്ടാന്‍ താമസമെടുക്കും. അപ്പോഴേക്കും പിന്‍വലിച്ച നോട്ടുകളുടെ സമയം തീരുമോ എന്ന ആശങ്കയിലാണ് ഇവര്‍.

പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ ലഭിക്കുന്ന ഫോം നമ്പര്‍ 49-എ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കണമെന്നാണ് ഇത്തരം സംഘങ്ങള്‍ ആവശ്യപ്പെടുന്നത്. പാന്‍കാര്‍ഡ് ലഭിച്ചാലുടന്‍ അത് ഹാജരാക്കാമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതിന് അന്തിമാനുമതി ലഭിക്കേണ്ടത് റിസര്‍വ്വ് ബാങ്കില്‍ നിന്നാണ്. നേരത്തെ പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ വാക്കാല്‍ അനുമതി ലഭിച്ചപ്പോഴും ഇതുതന്നെയായിരുന്നു പ്രശ്‌നം. അതേസമയം പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാന്‍കാര്‍ഡ് ഉള്ള സംഘങ്ങള്‍ സംസ്ഥാന സഹകരണബാങ്കില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. സംസ്ഥാന സഹകരണ ബാങ്കിന് ശാഖകളില്ലാത്ത ജില്ലകള്‍ തൊട്ടടുത്ത ജില്ലകളിലെ ശാഖകളിലാണ് നിക്ഷേപം നടത്തുന്നത്. ഇതിനിടെ ജില്ലാ സഹകരണബാങ്കുകളിലുള്ള അസാധു നോട്ടുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടുമില്ല. ഇതുസംബന്ധിച്ചുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.