റഫാൽ വിധിയിൽ ബി.ജെ.പി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു

റഫാൽ പോർ വിമാന ഇടപാടിലെ പുനഃപരിശോധനാ ഹർജി തള്ളിയ സുപ്രീം കോടതി വിധിയിൽ ബി.ജെ.പി ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ്. റഫാല്‍ അഴിമതിയിൽ ക്രിമിനല്‍ അന്വേഷണത്തിന് വഴിതുറക്കുന്നതാണ് കോടതി വിധിയെന്ന് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിധിയുടെ വിശദാംശം പരിശോധിക്കാതെയാണ് ബി.ജെ.പിയുടെ ആഘോഷമെന്നും ഇത് അവരുടെ ശീലമാണെന്നും സുര്‍ജേവാല ആരോപിച്ചു. വിധിയിലെ 73 ഉം 86 ഉം ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്കോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ ഇതില്‍ അന്വേഷണം നടത്താമെന്നും സുര്‍ജേവാല പറഞ്ഞു.റഫാലുമായി ബന്ധപ്പെട്ട് 2018 ഡിസംബര്‍ നാലിലെയോ അല്ലെങ്കില്‍ ഇന്നത്തെയോ വിധി ഭാവിയില്‍ ഈ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തടസ്സമാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാന പ്രതികരണവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. റഫാൽ അഴിമതിയിൽ സമ​ഗ്രാനേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിധിയുടെ പ്രസക്ത ഭാ​ഗങ്ങൾ അദ്ദേഹം അടയാളപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.